കട്ടപ്പന:മരം വെട്ടുന്നത് നോക്കിനിൽക്കെ, കമുക് ഒടിഞ്ഞ് തലയിൽവീണ് സ്കൂൾ അധ്യാപകൻ മരിച്ചു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ യു.പി.വിഭാഗം അധ്യാപകൻ എഴുകുംവയൽ കൊച്ചുപറമ്പിൽ ലിജി വർഗീസ് (48)ആണ് മരിച്ചത്. ചൊവ്വാഴ്ച 11 മണിയോടെയാണ് അപകടം. ഇരട്ടയാർ ടൗണിന് സമീപം വാങ്ങിയ സ്ഥലത്ത് വീട് പണിയുന്നതിന് അവിടെനിന്ന പന തൊഴിലാളികൾ മുറിക്കുന്നത് മാറിനിന്ന് കാണുകയായിരുന്നു. ചുവടുമുറിച്ചു കൊണ്ടിരിക്കെ പനമരം ദിശമാറി അടുത്തുനിന്ന കമുകിൽ വീണു.

അതോടെ കമുക് ഒടിഞ്ഞ് ലിജിയുടെ തലയിൽ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരൻ അജിയും, പണിക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോലിചെയ്തിരുന്ന സ്കൂളുകളിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ മുൻനിര പ്രവർത്തകനായിരുന്നു. രാജകുമാരി ഹോളി ക്യൂൻ സ്കൂളിൽ പ്രഥമാധ്യാപകനായിരിക്കെ 2016-17-ൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ഹരിത വിദ്യാലയ പദവി സ്കൂളിനു ലഭിച്ചു. 2018-19-ൽ ഇദ്ദേഹം പ്രഥമാധ്യാപകനായിരിക്കുമ്പോഴാണ് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന് ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ എന്ന പദവി നേടാൻ കഴിഞ്ഞത്.

പ്രകൃതിസൗഹൃദ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ വി.എസ്.റജിമോൾ ലിജി (കമ്പംമെട്ട് വള്ളിപ്പറമ്പിൽ കുടുംബാംഗം) വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്. മക്കൾ: ബനഡിക്റ്റ് (ഇടുക്കി രൂപത മൈനർ സെമിനാരി വിദ്യാർഥി), െബഞ്ചമിൻ, ആരോൺ ബർണാഡ്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ശവസംസ്കാരം വെള്ളിയാഴ്ച 4-ന് എഴുകുംവയൽ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ.