മുംബൈ: മലയാള ചലച്ചിത്രം ജെല്ലിക്കെട്ടിന് ഓസ്‌കാര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 14 അംഗ ജൂറിയാണ്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തെ ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തത്.

2019 ഒക്‌ടോബറില്‍ തിയറ്ററിലെത്തിയ ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സംവിധായകനുള്ള പുരസ്‌കാരം പെല്ലിശ്ശേരി സ്വന്തമാക്കിയിരുന്നു. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി എടുത്ത ചിത്രത്തിന് വേണ്ടി ഹരീഷും ആര്‍ ജയകുമാറുമാണ് തിരക്കഥ എഴുതിയത്.

ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒ. തോമസ് പണിക്കര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ളയാണ്. 2019 ലെ ടോറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ട് പ്രദര്‍ശിപ്പിച്ചു. 2019 ഒക്ടോബര്‍ 4ന് ചലച്ചിത്രം പുറത്തിറങ്ങി.
ഒരു ചെറിയ ഗ്രാമത്തില്‍ അറുക്കാനായി കൊണ്ടുവന്ന പോത്ത് കെട്ടുപൊട്ടിച്ച് ഓടുന്നതും ആ പോത്ത് ഗ്രാമത്തിലുണ്ടാക്കുന്ന കുഴപ്പങ്ങളുമാണ് പ്രധാന കഥാതന്തു. ഗ്രാമവാസികളെല്ലാം പോത്തിനെ പിടിക്കാനായി വിവിധ വഴിയിലൂടെ ഓടുന്നു. കൂട്ടത്തില്‍ അയല്‍ഗ്രാമക്കാരും ചേരുന്നു. അവസാനം ഇത് വലിയ കുഴപ്പത്തിലേക്കും ലഹളയിലേക്കും ചിലരുടെയെല്ലാം മരണത്തിലേക്കും നയിക്കുന്നു. ഇതിനിടയില്‍ പ്രണയവും വൈരാഗ്യവും പ്രതികാരവുമെല്ലാം കടന്നുവരുന്നു. ടൊറന്റോ ഫിലിംഫെസ്റ്റിവല്‍ 2019 ല്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.