ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളില്‍ വന്‍ കടബാധ്യത വരുത്തിവെച്ച ശേഷം നാടുവിട്ട വിവാദ വ്യവസായി വിജയ് മല്ല്യയെ ബ്രിട്ടണില്‍ നിന്ന് ഇപ്പോള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത് എളുപ്പമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. എന്നാല്‍ മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ മല്യ ലണ്ടന്‍ കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ കാലാവധി തീര്‍ന്നിട്ടുണ്ടെന്നും കൈമാറ്റം സംബദ്ധിച്ച് ബ്രിട്ടണുമായി തങ്ങള്‍ നിരന്തര ചര്‍ച്ചകളിലുമാണെന്ന് വിദേശ കാര്യമന്ത്രാലയം അറിയിക്കുന്നു.തനിക്ക് ബ്രിട്ടണില്‍ അഭയം നല്‍കണമെന്നാവശ്യപ്പെട്ട് മല്യ ഇക്കഴിഞ്ഞ ജൂണില്‍ അപ്പീല്‍ നല്‍കിയിരുന്നു.

ഈ അപ്പീല്‍ പരിഗണിക്കരുതെന്ന് ബ്രിട്ടണോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന് മുന്‍പ് തന്നെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനുള്ള കോടതി ഉത്തരവിനെതിരെ മല്യ ലണ്ടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ആ തവണ റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ ആണ് മല്ല്യ അപ്പീല്‍ നല്‍കിയത്. തന്നെ കൈമാറാന്‍ ഉത്തരവിട്ട മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ ഒന്നിലധികം തെറ്റുകളുണ്ടെന്ന് മല്യയുടെ അഭിഭാഷകര്‍ അപ്പീലില്‍ ആരോപിച്ചിരുന്നു.

മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള എല്ലാ തെളിവുകളും കണക്കിലെടുക്കാത്തതിനാല്‍ ജഡ്ജി എമ്മ അര്‍ബുത്‌നോട്ടിന്റെ 2018 ലെ കൈമാറല്‍ വിധിയില്‍ ‘ഒന്നിലധികം തെറ്റുകള്‍’ ഉണ്ടെന്ന് മല്ല്യയുടെ അഭിഭാഷകന്‍ ക്ലെയര്‍ മോണ്ട്‌ഗോമറി പറഞ്ഞിരുന്നു. 2017 ഫെബ്രുവരി മാസം ഒമ്പതിനാണ് മല്ല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടനോട് അഭ്യര്‍ത്ഥിക്കുന്നത്.