തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി ഇത്തരമൊരു തീരുമാനം മാണിയുണ്ടായിരുന്നുവെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ലെന്നും മാണിയുടെ ആത്മാവ് പോലും പൊറുക്കില്ലെന്നും പറഞ്ഞു.

ബാര്‍ കോഴ വിഷയത്തില്‍ കേരള രാഷ്ട്രീയത്തില്‍ കെഎം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനേയും സിപിഎം വേട്ടയാടിയിട്ടില്ല. മാണി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസത്തില്‍ സിപിഎമ്മിനെതിരെ യുഡിഎഫ് ശക്തമായി പോരാടി. മാണിക്കെതിരെ അന്ന് നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങളില്‍ സത്യമില്ലെന്ന് അറിയാമായിരുന്നുവെന്ന് ഇടതുമുന്നണി ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയ പാപ്പരത്വമാണെന്നും അദ്ദേഹം പരിഹസിച്ചു.

സിപിഎമ്മിന്റെ കക്ഷത്തില്‍ തലവച്ചവരൊക്കെ പിന്നീട് ദു:ഖിച്ചിട്ടുണ്ട്. മാണി പ്രധാന പങ്കുവഹിച്ച കാരുണ്യ പദ്ധതി, റബര്‍ വിലസ്ഥിരതാ പദ്ധതി തുടങ്ങിയവയെല്ലാം ഇടതുസര്‍ക്കാര്‍ താറുമാറാക്കിയപ്പോഴാണ് അവിടേക്ക് ചേക്കേറുന്നത്. ഈ പദ്ധതികള്‍ തുടരുമെന്നൊരു ഉറപ്പെങ്കിലും വാങ്ങേണ്ടതായിരുന്നു. കര്‍ഷകരെ വര്‍ഗ ശത്രുക്കളെപ്പോലെ കാണുകയും അവരുടെ വിളകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്ത ചരിത്രമുള്ള സിപിഎമ്മിനോട് ചേര്‍ന്ന് എങ്ങനെ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്നും ഉമ്മന്‍ചാണ്ടി ചോദിക്കുന്നു.
കരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴ. സി പി എം കെ എം മാണിക്കും പാര്‍ട്ടിക്കുമെതിരെ നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചിത്രങ്ങളും വാര്‍ത്തകളും കുത്തിപ്പൊക്കിയാണ് ട്രോളന്‍മാര്‍ ആഘോഷിക്കുന്നത്.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് കെ എം മാണിക്കെതിരെ ഉയര്‍ന്നുവന്ന ബാര്‍കോഴ ആരോപണവും മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് എല്‍ ഡി എഫ് എം എല്‍ എമാര്‍ നിയമസഭയില്‍ സൃഷ്ടിച്ച സംഘര്‍ഷാവസ്ഥയുമാണ് ട്രോളുകളുടെ പ്രധാന വിഷയം.
‘കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചത് അറിഞ്ഞ് നിയമസഭയിലെ എല്‍ ഡി എഫ് അംഗങ്ങളുടെ ആഘോഷം’ എന്ന വിധത്തിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ നടത്തിയ ലഡു വിതരണവും മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടത് യുവജന സംഘടനകള്‍ നടത്തിയ പ്രതിഷേധവും സിനിമകളിലെ ചില രംഗങ്ങളുമെല്ലാം ട്രോളന്മാര്‍ എടുത്തിട്ടുണ്ട്.