കൊച്ചി : മാണി.സി.കാപ്പന് എല്‍ഡിഎഫ് വിട്ടു. താനും തന്നോടൊപ്പം നില്‍ക്കുന്നവരും യുഡിഎഫിലേക്ക് എത്തുമെന്നും അദ്ദേഹം നെടുമ്പോശേരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍സിപി ഏത് മുന്നണിക്കൊപ്പമാണെന്ന് കേന്ദ്രനേതൃത്വം ഇന്ന് അറിയിക്കും. തീരുമാനം തനിക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കില്‍ ഭാവികാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും. നാളെ പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യകേരള യാത്രയില്‍ പങ്കെടുത്ത് ശക്തി തെളിയിക്കും.കൂടെയുള്ളവരെ യാത്രയില്‍ അണിനിരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഴ് ജില്ല പ്രസിഡന്റുമാരും 17 സംസ്ഥാന ഭാരവാഹികളിൽ ഒമ്പത് പേരും തന്നോടൊപ്പമുണ്ടെന്നും നാളത്തെ ജാഥയിൽ അവർ പങ്കെടുക്കുമെന്നും മാണി സി കാപ്പന് പറഞ്ഞു.
ഇടത് മുന്നണി വിടുന്നതില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം വരും മുമ്പാണ് മാണി സി കാപ്പന്റെ പ്രഖ്യാപനം. ദേശീയ നേതൃത്വം ആര്‍ക്കൊപ്പമാണെന്ന കാര്യം മാണി സി. കാപ്പന് വ്യക്തമാക്കിയിട്ടില്ല.
മുന്നണി മാറ്റം സംബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദേശീയ നേതൃത്വത്തിൽ നിന്നും ഒൗദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നായിരുന്നു നേരേത്ത അറിയിച്ചിരുന്നത്. പാലാ സീറ്റിെൻറ കാര്യത്തിൽ ഇടതുപക്ഷം മുന്നണി മര്യാദകാണിച്ചില്ലെന്ന് എൻ.സി.പി ദേശീയ നേതൃത്വം പറയുന്നുണ്ട്. എങ്കിലും മുന്നണി മാറ്റത്തിൽ ദേശീയ നേതൃത്വത്തിന് താൽപര്യമില്ലെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്. ഇക്കാര്യത്തിലെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
അതേസമയം, ശരത് പവാറുമായി ചർച്ചക്കായി ഡൽഹിയിൽ എത്തിയ സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മുന്നണിമാറ്റം സംബന്ധിച്ച് പ്രതികരിക്കാൻ തയറായില്ല.