മുംബൈ: രാജ്യത്ത് കൊവിഡ് ബാധ രൂക്ഷമായ മുംബൈ നഗരത്തില്‍ കൊവിഡിനിരയായി മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ശനിയാഴ്ച 50 പേര്‍ കൂടി മരിച്ചതോടെ മുംബൈയിലെ മരണസംഖ്യ 10,016 ആയി ഉയര്‍ന്നു. ഇതാദ്യമായാണ് രാജ്യത്ത് ഒരു നഗരത്തില്‍ മാത്രം പതിനായിരത്തിലേറെ പേര്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്.

ശനിയാഴ്ച മുംബൈ നഗരത്തില്‍ 1,257 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 24 വരെയുള്ള കണക്കുകള്‍ പ്രകാരം നഗരത്തില്‍ 2,50,061 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച 898 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തരുടെ എണ്ണം 2,19,152 ആയി.

മുംബൈ ജില്ലയുടെ റിക്കവറി നിരക്ക് 88 ശതമാനവും കേസുകളുടെ മൊത്തം വളര്‍ച്ചാ നിരക്ക് (1723 ഒക്ടോബര്‍) 0.58 ശതമാനവുമാണെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. മുംബൈയില്‍ മൊത്തം 14,37,445 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.
അണുബാധ കൂടുതല്‍ പടരുന്നത് തടയുന്നതിനായി 8,585 കെട്ടിടങ്ങള്‍ മുംബൈയില്‍ സീല്‍ ചെയ്തിട്ടുണ്ട്. 633 സജീവ കണ്ടൈന്‍മെന്റ് സോണുകളും മുംബൈയില്‍ ഉണ്ട്. മുംബൈയില് 19,554 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.