നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരളപര്യടനത്തിന് കൊല്ലത്ത് തുടക്കമായി. പ്രമുഖരുടെ ജില്ലാതല സമ്പര്‍ക്ക പരിപാടിയോടെയാണ് മുഖ്യമന്ത്രിയുടെ കേരളപര്യടനം ആരംഭിക്കുന്നത്. രാവിലെ 10.30ന് കൊല്ലം ബീച്ച് ഓര്‍ക്കിഡ് ഹോട്ടലില്‍ സമ്പര്‍ക്കപരിപാടികള്‍ ആരംഭിക്കും. പരിപാടിയില്‍ എന്‍എസ്എസിന്റെ കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റിനെ ക്ഷണിച്ചിരുന്നെങ്കിലും സമ്പര്‍ക്കപരിപാടിയ്‌ക്കെത്തില്ലെന്നും ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്നും എന്‍എസ്എസ് അറിയിച്ചു.

സംഘടനയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന വിശദീകരിച്ചാണ് എന്‍എസ്എസ് സമ്പര്‍ക്കപരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മുന്നോക്ക സംവരണം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയതായും എന്‍എസ്എസ് ആരോപിക്കുന്നു. മന്നം ജയന്തി അവധിയായി പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നയത്തോടും എന്‍എസ്എസ് എതിര്‍പ്പറിയിക്കുന്നുണ്ട്.

കൊല്ലത്തെ പരിപാടികള്‍ക്കുശേഷം മുഖ്യമന്ത്രി ഇന്ന് വൈകീട്ട് പത്തനംതിട്ടയിലെത്തും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാറി നിന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തിന് പിന്നാലെയാണ് പിണറായി വിജയന്‍ ജില്ലകളില്‍ പര്യടത്തിന് ഇറങ്ങുന്നത്. എല്‍ഡിഎഫിനാണ് സംഘാടന ചുമതല.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായ പര്യടനത്തോടെ ഭരണത്തുടര്‍ച്ച ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. പര്യടനത്തില്‍ നിന്നും രൂപപ്പെടുന്ന ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷമായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക തയ്യാറാക്കുക.
