തൃശൂര്‍: മൂന്നാമതും കോവിഡ് പിടിപെട്ട് തൃശൂര്‍ സ്വദേശി. തൃശൂര്‍ ജില്ലയിലെ പൊന്നൂക്കര സ്വദേശി പാലവേലി വീട്ടില്‍ സാവിയോ ജോസഫി (38)നാണ് മൂന്നുതവണ കോവിഡ് ബാധിച്ചത്. കഴിഞ്ഞ ഏഴു മാസത്തിനിടെയാണ് ഇദ്ദേഹത്തെ മൂന്നു തവണ കോവിഡ് പിടികൂടിയത്.

രാജ്യത്ത് ആദ്യമായാണ് ഒരാള്‍ക്ക് മൂന്നുതവണ കോവിഡ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ സാവിയോയെ പഠനവിധേയമാക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഐസിഎംആര്‍ അധികൃതര്‍. ഇതിന്റെ ഭാഗമായി സാവിയോയുടെ രക്ത, സ്രവ സാംപിളുകള്‍ ഐസിഎംആര്‍ ശേഖരിച്ചു. മുന്‍പ് ചികിത്സ നടത്തിയതിന്റെ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമാനില്‍ ഒരു ഇവന്റ് മാനേജ് മെന്റ് സ്ഥാപനത്തില്‍ സൂപ്പര്‍ വൈസര്‍ ആയി ജോലിചെയ്യുന്ന സാവിയോക്ക് അവിടെവെച്ച് കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ചൈന സന്ദര്‍ശിച്ച ഒരു സഹപ്രവര്‍ത്തകനില്‍ നിന്നുമാണ് അസുഖം പിടിപെട്ടത്. നെഞ്ചുവേദന, ശ്വാസതടസം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മസ്‌കറ്റിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് അസുഖം ഭേദമായതോടെ നാട്ടിലെത്തി.
എന്നാല്‍ ജൂലൈയില്‍ വീണ്ടും സാവിയോ ജോസഫിന് രോഗലക്ഷണങ്ങളുണ്ടായി. തൃശൂരില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സ തുടങ്ങി. രോഗമുക്തി നേടി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെ പുറത്തിറങ്ങിയ സാവിയോ നെഞ്ചില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ ചികിത്സയ്ക്കായി എത്തി.
സെപ്റ്റംബര്‍ ഒന്നിന് അവിടെ വെച്ചു നടത്തിയ പരിശോധനയില്‍ വീണ്ടും കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ചികിത്സയെ തുടര്‍ന്ന് മൂന്നാമതും കോവിഡ് വിട്ടൊഴിഞ്ഞു. എന്നാല്‍ ഇപ്പോഴും അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതായി സാവിയോ ജോസഫ് പറയുന്നു. അമ്മയോടൊപ്പമാണ് സാവിയോ കഴിയുന്നത്. നാട്ടിലെത്തി രണ്ട് തവണ രോഗം പിടിപെട്ടിട്ടും അമ്മയ്ക്ക് രോഗബാധ ഉണ്ടായിട്ടുമില്ല.
ഏപ്രിലില്‍ ജോസഫിന്റെ ഭാര്യ കോഴിക്കോട് വെച്ച് ഇരട്ട കുട്ടികളെ പ്രസവിച്ചിരുന്നു. രണ്ടും പെണ്‍കുട്ടികളായിരുന്നു. എന്നാല്‍ കൊറോണയെ തുടര്‍ന്ന് മക്കളെ കാണാന്‍ സാവിയോക്ക് കഴിഞ്ഞില്ല.