മുംബൈ: ടെലിവിഷന്‍ ചാനലുകളെ റാങ്ക് ചെയ്യുന്ന ടി ആര്‍ പിയില്‍ (Television Rating Point or TRP) കൃത്രിമത്വം കാട്ടിയതിന് റിപ്പബ്ലിക് ടിവിയടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

ചാനലുകള്‍ക്ക് കൃത്രിമമായി റേറ്റിംഗ് ഉണ്ടാക്കിക്കൊടുക്കുന്ന റാക്കറ്റിനെയാണ് തങ്ങള്‍ കണ്ടെത്തിയതെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. അര്‍ണബ് ഗോസ്വാമി നയിക്കുന്ന വാര്‍ത്താ ചാനലായ റിപ്പബ്ലിക് ടിവി, മറാഠി ചാനലുകളായ ഫക്ത് മറാഠി, ബോക്‌സ് സിനിമ എന്നീ ചാനലുകള്‍ റേറ്റിംഗ് കൂട്ടുന്നതിനായി പ്രേക്ഷകര്‍ക്ക് പണം നല്‍കിയിരുന്നു. ഇതില്‍ മറാഠി ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തുവെന്നും റിപ്പബ്ലിക് ടിവിയുമായി ബന്ധപ്പെട്ടവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പരംബീര്‍ സിങ് വ്യക്തമാക്കി.

ഈ ചാനലുകള്‍ ട്യൂണ്‍ ചെയ്ത് ടിവി ഓണ്‍ ആക്കി വെയ്ക്കുന്നതിനാണ് പണം നല്‍കിയിരുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇത്തരത്തില്‍ കൃത്രിമത്വം കാണിക്കാന്‍ കൂട്ടുനിന്നതായി ചില റിപ്പബ്ലിക് ടിവി ജീവനക്കാര്‍ തങ്ങളോട് സമ്മതിച്ചെന്നും പരംബീര്‍ സിങ് അറിയിച്ചു.
ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍ എന്ന ഏജന്‍സിയാണ് ഇന്ത്യയില്‍ ടെലിവിഷന്‍ ചാനലുകളെ റേറ്റ് ചെയ്യുന്നത്. പീപ്പിള്‍ മീറ്റര്‍ എന്നറിയപ്പെടുന്ന ഒരു ഉപകരണം തെരെഞ്ഞെടുത്ത വീടുകളിലെ സെറ്റ് ടോപ്പ് ബോക്‌സുമായി ഘടിപ്പിക്കുകയും ഇവര്‍ ഏത് ചാനല്‍ ആണ് കാണുന്നതെന്ന വിവരം ശേഖരിക്കുകയുമാണ് ചെയ്യുന്നത്. രാജ്യത്തെ ഏതാണ്ട് മുപ്പതിനായിരത്തോളം വീടുകളില്‍ ഈ ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. ഈ ആളുകളെ സാമ്പിള്‍ ആയി എടുത്താണ് റേറ്റിംഗ് നടത്തുന്നത്. ഈ സാമ്പിളില്‍ ഉള്ളവരുടെ ജോലി, സാമൂഹിക പശ്ചാത്തലം, വിദ്യാഭ്യാസ യോഗ്യത എന്നീ വിവരങ്ങളും ഏജന്‍സിയുടെ പക്കല്‍ ഉണ്ടായിരിക്കും.
എന്നാല്‍ വിദ്യാഭ്യാസമില്ല എന്ന വിഭാഗത്തില്‍ വരുന്നവരും ഇംഗ്ലീഷ് ചാനലായ റിപ്പബ്ലിക് ടിവി കാണുന്നവരുടെ പട്ടികയിലുണ്ടെന്ന് പൊലീസ് പറയുന്നു. സാധാരണക്കാരായ ഇത്തരം പ്രേക്ഷകര്‍ക്ക് 300 രൂപ മുതല്‍ 500 രൂപവരെയാണ് ഇതിനായി മാസം നല്‍കിയിരുന്നത്. നേരത്തെ റേറ്റിങ് മീറ്ററുകള്‍ സ്ഥാപിച്ചിരുന്ന ഏജന്‍സിയായ ഹന്‍സ എന്ന കമ്പനിയുടെ ജീവനക്കാരാണ് ഈ മീറ്റര്‍ വെച്ചിരിക്കുന്ന വീടുകളുടെ ഉടമസ്ഥരുടെ വിവരങ്ങള്‍ ചാനലുകള്‍ക്ക് കൈമാറിയതെന്നും പൊലീസ് പറയുന്നു.
ടി ആര്‍ പി അടിസ്ഥാനമാക്കിയാണ് ചാനലുകള്‍ക്ക് കിട്ടുന്ന പരസ്യത്തിന്റെ നിരക്ക് തീരുമാനിക്കപ്പെടുന്നത്. നിലവില്‍ ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളില്‍ റിപ്പബ്ലിക് ടിവിയും ഹിന്ദി വാര്‍ത്താ ചാനലുകളില്‍ റിപ്പബ്ലിക് ടിവി ഭാരതുമാണ് ടിആര്‍പിയില്‍ മുന്‍പന്തിയിലുള്ളത്.
അന്വേഷണത്തിന്റെ ഭാഗമായി ചാനലുകളുടെ ബാങ്ക് അക്കൌണ്ടുകള്‍ പരിശോധിക്കുമെന്നും അര്‍ണബ് ഗോസ്വാമിയടക്കം ഏത് ഉന്നതനെയും ചോദ്യം ചെയ്യുമെന്നും പരംബീര്‍ സിങ് അറിയിച്ചു.
അതേസമയം ഈ ആരോപണങ്ങളെല്ലാം വ്യാജമാണെന്നും സുശാന്ത് സിങ് രാജ്പുത്ത് കേസുമായി ബന്ധപ്പെട്ട് താനും തന്റെ ചാനലും മുംബൈ പൊലീസിനെയും കമ്മീഷണറെയും വിമര്‍ശിച്ചതിന്റെ വൈരാഗ്യം തീര്‍ക്കുകയാണ് അവരെന്നും അര്‍ണബ് ഗോസ്വാമി ആരോപിച്ചു. മുംബൈ പൊലീസിനെതിരായി നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞതായി എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.