തൃശൂർ• കോവിഡ് കാലത്ത് നടത്തിയ മൃതദേഹം ദഹിപ്പിച്ചു സംസ്കരിക്കുന്ന സംവിധാനം ഔദ്യോഗികമായി തുടരാൻ അതിരൂപതയിൽ ഈ തീരുമാനം. ഇതുപ്രകാരം കത്തോലിക്കാ സഭയിൽ സംസ്ഥാനത്ത് ആദ്യമായി മൃതദേഹം കത്തിച്ചു സംസ്കരിക്കുന്ന ക്രീമറ്റോറിയത്തിനു തൃശൂരിൽ തറക്കല്ലിട്ടു. സഭയുടെ ഉടമസ്ഥതയിൽ മുളയത്തുള്ള ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസിലാണു ഡാമിയൻ ക്രീമേഷൻ സെന്റർ എന്ന സ്ഥാപനം സജ്ജമാകുന്നത്.കോവിഡ് കാലത്ത് 26 രോഗികളുടെ മൃതദേഹങ്ങൾ ഇവിടെ ചിതയൊരുക്കി സംസ്കരിച്ചിരുന്നു. മൃതദേഹം സംസ്കരിക്കാൻ പല ഇടവകകളിലും സെമിത്തേരികളില്ലാത്തതിനാൽ കൂടിയാണ് ഇവിടെ സ്ഥിരം സംവിധാനം ഒരുക്കുന്നത്. ഗ്യാസ് ക്രിമറ്റോറിയമാണു നിർമിക്കുന്നത്. ശില ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും മാർ ടോണി നീലങ്കാവിലും ചേർന്ന് ആശീർവദിച്ചു.

ചീഫ് വിപ്പ് കെ. രാജൻ ശിലാസ്ഥാപനം നിർവഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് പി.ആർ. രജിത്, മുളയം വില്ലേജ് ഓഫിസർ വി. ഉഷാപാർവതി,വികാരി ജനറൽ മോൺ. തോമസ് കാക്കശേരി, ഫാ. വർഗീസ് കുത്തൂർ, ഫാ. സിംസൺ ചിറമ്മൽ എന്നിവർ പ്രസംഗിച്ചു.
