ചെന്നൈ: ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്ന തമിഴ് നടന്‍ തവസി അന്തരിച്ചു. മധുരയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ പണമില്ലാതെ അദ്ദേഹം സഹായം ചോദിക്കുന്ന വീഡിയോ കഴിഞ്ഞാഴ്ച പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഒട്ടേറെ സിനിമാ താരങ്ങള്‍ സഹാവുമായി രംഗത്തുവന്നു. പക്ഷേ, ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രോഗം മൂര്‍ഛിക്കുകയും ഇന്ന് വൈകീട്ട് മരണത്തിന് കീഴടങ്ങുകയും ചെയ്തു.

140 ലധികം സിനിമകളില്‍ വേഷമിട്ട തവസിയുടെ രൂപത്തില്‍ വന്ന മാറ്റം ആരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. രോഗം കാരണം അദ്ദേഹം വല്ലാതെ ക്ഷീണിച്ച അവസ്ഥിയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. വിജയ് സേതുപതി, സൂരി, ശിവകാര്‍ത്തികേയന്‍, സുന്ദര്‍ രാജ, സിലമ്പരസന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ സാമ്പത്തിക സഹായം ചെയ്തിരുന്നു. രജനികാന്ത് സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.

തവസി വര്‍ഷങ്ങളോളം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നിരുന്നു. കൂടുതലും പൂജാരിയുടെയും ജ്യോല്‍സ്യന്റെയും വേഷങ്ങളിലാണ് എത്തിയിരുന്നത്. ശിവകാര്‍ത്തികേയന്‍ നായകനായ വരുതപടാത വാലിബര്‍ സംഘത്തില്‍ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തിരുന്നു തവസി. കുറച്ച് കാലമായി തവസി ക്യാന്‍സര്‍ ബാധിതനായി ചികില്‍സയിലാണ്. ദൃഢഗാത്രനായി കാണപ്പെട്ടിരുന്ന അദ്ദേഹത്തെ ഒടുവില്‍ പ്രചരിച്ച വീഡിയോയില്‍ കണ്ട എല്ലാവര്‍ക്കും ആശ്ചര്യമായിരുന്നു. തവസിയുടെ മകന്‍ അര്‍മുഖം ആണ് വീഡിയോ പുറത്തുവിട്ടത്. പിതാവിന്റെ ചികില്‍സയ്ക്ക് പണം ആവശ്യമാണെന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം.
വര്‍ഷങ്ങളോളം സിനിമയിലുണ്ടായിരുന്നു. നിരവധി സിനിമകളില്‍ വേഷമിട്ടു. ഇങ്ങനെ ഒരു രോഗം എന്നിലുണ്ടായിരുന്നു എന്നറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥയായി. സംസാരിക്കാന്‍ പോലും പ്രയാസം നേരിടുന്നു. സിനിമാ രംഗത്തുള്ളവര്‍ എന്നെ സഹായിക്കണം. രോഗം ഭേദമാകണം. സിനിമയില്‍ തിരിച്ചെത്തണമെന്നും തവസി വീഡിയോയില്‍ പറയുന്നു. എന്നാല്‍ വീണ്ടും സിനിമയില്‍ സജീവമാകുക എന്ന മോഹം ബാക്കിയാക്കിയാണ് തവസിയുടെ അന്ത്യയാത്ര.