കൊച്ചി: താരസംഘടനായ അമ്മ (എ.എം.എം.എ)യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശങ്ങള്‍ സൃഷ്ടിച്ച വിവാദം അവസാനിക്കുന്നില്ല. ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വ്വതി തിരുവോത്ത് സംഘടനയില്‍ നിന്ന് രാജി വച്ചിരുന്നു. ആക്രമിക്കപ്പെട്ട നടി രാജിവച്ചതിന് ശേഷവും പാര്‍വ്വതിയ്ക്കൊപ്പം താരസംഘടനയില്‍ തുടര്‍ന്നവരാണ് രേവതിയും പത്മപ്രിയയും. ഇപ്പോള്‍ പാര്‍വ്വതിയുടെ രാജി തീരുമാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനൊപ്പം മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരസംഘടനാ നേതാക്കള്‍ക്ക് മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍ ഉന്നയിച്ച് കത്തയച്ചിരിക്കുകയാണ് രേവതിയും പത്മപ്രിയയും. ഇക്കാര്യം പത്മപ്രിയയും രേവതിയും തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയും ചെയ്തു.

ഫെയ്സ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരുപാട് കാര്യങ്ങള്‍ പറയുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് പലരേയും പോലെ തന്നെ താനും രേവതിയും അതിന് വേദനയോടെ സാക്ഷ്യം വഹിച്ചു. ധീരയായ പാര്‍വ്വതി, ഓരോ ദിവസവും നിങ്ങളോടുള്ള ബഹുമാനം കൂടുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പത്മപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
ആക്രമിക്കപ്പെട്ട നടി 2018 ല്‍ സംഘടനയില്‍ നിന്ന് രാജിവച്ച സംഭവച്ചിലേക്കാണ് തങ്ങളുടെ ഓര്‍മകളെ പാര്‍വ്വതിയുടെ രാജി കൊണ്ടുപോയത് എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ഒരുപാട് വേദനകള്‍ നിറഞ്ഞതായിരുന്നു ആ യാത്രയെങ്കിലും സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് ഒരു അവബോധം സൃഷ്ടിക്കാമെന്ന പ്രതീക്ഷയോടെ ആയിരുന്നു അത്. ആ പരിശ്രമങ്ങള്‍ ഒരുപരിധിവരെ ഫലം കാണുകയും ചെയ്തു. മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം, പൊതുവേദികളില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കാന്‍ സാധിച്ചു എന്നും കത്തില്‍ പറയുന്നു.
എന്നാല്‍ ഇതിലെല്ലാം ഇല്ലാതെ പോയത് താരസംഘടനയായ എഎംഎംഎയുടെ മനസ്സില്ലായ്മയാണ് എന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. ക്രിയാത്മകമായ തീരിമാനങ്ങള്‍ എടുക്കാനോ നടപടികള്‍ സ്വീകരിക്കാനോ ചര്‍ച്ച ചെയ്യാനോ താരസംഘടന തയ്യാറായില്ലെന്നും കത്തില്‍ പറയുന്നു. അപകടകരമായ മാതൃക ഇടവേള ബാബുവിന്റെ പരമാര്‍ശങ്ങളെ അതി രൂക്ഷമായാണ് കത്തില്‍ വിമര്‍ശിച്ചിരിക്കുന്നത്. അപകടകരമായ ഒരു മാതൃകയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നു എന്നും അവര്‍ പറയുന്നു.
താരസംഘടനയുടെ നേതൃത്വത്തിലുള്ള ചിലര്‍ക്ക് തങ്ങളുടെ സ്ഥാനം ഉപയോഗിച്ച് ഒരു ക്രിമിനല്‍ അന്വേഷണത്തെ അവമതിക്കാന്‍ കഴിയും എന്ന മാതൃകയാണ് സൃഷ്ടിച്ചത് എന്നും കുറ്റപ്പെടുത്തുന്നു. സിനിമ മേഖലയിലെ മറ്റേത് സംഘടനകളേക്കാള്‍ സ്ത്രീ സാന്നിധ്യം കൂടുതലുള്ള സംഘടനയാണ് എഎംഎംഎ. ഏതാണ്ട് അമ്പത് ശതമാനത്തോളം സ്ത്രീകള്‍. എന്നാല്‍ സ്ത്രീകളെ സംരക്ഷിക്കാനോ പിന്തുണയ്ക്കാനോ പ്രോത്സാഹിപ്പിക്കാനോ ഒരു നടപടിയും അവിടെ നടക്കുന്നില്ല. പകരം പരിഹസിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നും ഉണ്ടെന്ന് കത്തില്‍ രേവതിയും പത്മപ്രിയയും പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങളുടെ തീരുമാനം എന്താണെന്ന് പലരും ചോദിക്കുന്നു. തങ്ങള്‍ പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ രാജിവയ്ക്കുകയോ തുടരുകയോ എന്നതല്ല പ്രശ്നം. സംഘടന നേതൃത്വം തങ്ങളുടെ നിലപാട് അറിയിക്കണം. തങ്ങളെ ചോദ്യം ചെയ്യുന്നതിന് പകരം ആ ചോദ്യങ്ങള്‍ സ്വയം ചോദിക്കുകയും നിലപാടുകള്‍ എല്ലാവരുമായി പങ്കുവയ്ക്കുകയും വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ചോദ്യം 1. ഇടവേള ബാബുവിന്റെ അഭിമുഖത്തെ കുറിച്ചും പിന്നീട് അതേ കുറിച്ച് സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ കെബി ഗണേഷ് കുമാര്‍ നടത്തിയ പ്രതികരണത്തെ കുറിച്ചും നിങ്ങളുടെ വ്യക്തിപരവും എഎംഎംഎയുടെ നേതൃത്വം എന്ന നിലയിലും ഉള്ള നിലപാട് എന്താണ്..?
ചോദ്യം 2. സംഘടനയുടെ നേതൃത്വത്തിലുള്ള ചില അംഗങ്ങള്‍ സംഘടനയേയും സിനിമ മേഖലയെ മൊത്തത്തിലും അപമാനിക്കുമ്പോള്‍ അവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കും..?
ചോദ്യം 3. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ സിദ്ദിഖിനെതിരെയുള്ള ലൈംഗികാരോപണത്തെ കുറിച്ച് ജനറല്‍ സെക്രട്ടറി അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തില്‍ ജോലി സ്ഥലത്ത് ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം (പിഒഎസ്എച്ച് നിയമം) നടപ്പിലാക്കിയിട്ടുണ്ടോ..?
മോഹന്‍ലാല്‍, മുകേഷ്, ജഗദീഷ്, അജു വര്‍ഗ്ഗീസ്, ആസിഫ് അലി, ബാബുരാജ്, ഹണിറോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, രചന നാരായണന്‍കുട്ടി, ശ്വേത മേനോന്, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കാണ് പത്മപ്രിയയും രേവതിയും കത്തയച്ചിട്ടുള്ളത്.