തിരുവനന്തപുരം :സ്ഥാനാർഥി നിർണയം പാളരുതെന്ന് ഘടക കക്ഷികളോട് രാഹുൽ ഗാന്ധി. പതിവ് മുഖങ്ങളെ തിരുകി കയറ്റുന്നതിൽ കാര്യമില്ലന്നും യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകണമെന്നും യു.ഡി.എഫ് യോഗത്തിൽ രാഹുൽ ഗാന്ധി നിർദേശിച്ചു. രാഹുലും പ്രിയങ്കയും പ്രചാരണത്തിൽ സജീവമാകണമെന്ന് ഘടകകക്ഷികളും ആവശ്യപ്പെട്ടു.

ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധി യു.ഡി. എഫ് യോഗത്തിലും കോൺഗ്രസിൻ്റെ തിരഞ്ഞെടുപ് മേൽനോട്ട സമിതിയിലും പങ്കെടുത്തു. ഭരണം പിടിക്കാൻ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമെന്ന് വിലയിരുത്തിയാണ് രാഹുൽ സ്ഥാനാർഥി നിർണയത്തിലെ നിലപാട് വ്യക്തമാക്കിയത്. ജയ സാധ്യത മാത്രമാവണം മാനദണ്ഡം. അതിന് പതിവ് മുഖങ്ങളെ തിരുകി കയറ്റുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചു. നിർദേശം അംഗീകരിച്ച ഘടക കക്ഷി നേതാക്കൾ പ്രചാരണത്തിൽ രാഹുലും പ്രിയങ്കയും സജീവമാകുന്നത് ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി.

ആഴക്കടൽ മൽസ്യബന്ധന കരാർ അടക്കം സർക്കാരിനെതിരായ വിമർശനങ്ങൾ സജീവമായി തുടരാനും യോഗം തീരുമാനിച്ചു. ഈ മാസത്തോടെ സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കും. കാപ്പന്റെ മുന്നണി പ്രവേശനം 28ന് യു.ഡി.എഫ് ചർച്ച ചെയ്യും.