തിരുവനന്തപുരം : യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് എം.എം.ഹസ്സനെ മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഹൈക്കമാൻഡിന് കത്ത് നൽകി. തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലാണ് പരാതി.

എംഎൽഎമാർക്കും എംപിമാർക്കും പുറമെ കെപിസിസി ഭാരവാഹികളും ഹസ്സനെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്. ഹസ്സൻ വെൽഫെയർ പാർട്ടി നേതാക്കളെ കണ്ടതടക്കം നേതാക്കൾ കത്തിൽ ചൂണ്ടിക്കാട്ടി.

കെപിസിസി നേതൃത്വത്തെ പോലും പരസ്യമായി എതിർത്തു. പാർട്ടിയോട് ആലോചിക്കാതെ നിലപാടുകൾ പരസ്യപ്പെടുത്തി. മാധ്യമങ്ങളുടെ അകമ്പടിയോടെ വെൽഫെയർ പാർട്ടി നേതാക്കളെ കണ്ടത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി തുടങ്ങിയ കാര്യങ്ങളും നേതാക്കൾ ഉന്നയിച്ചു. ഹസ്സനുമായി മുന്നോട്ടുപോകുന്നത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്കിത് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
പാർട്ടിയും യുഡിഎഫ് സംവിധാവനവും രണ്ടു തട്ടിലാണെന്ന് വരുത്തി തീർക്കുന്ന പ്രസ്താവനകളാണ് തിരഞ്ഞെടുപ്പ് വേളകളിൽ ഹസ്സൻ നടത്തിയതെന്നും പരാതിയിൽ പറയുന്നു. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ, സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവർക്കടക്കമാണ് പരാതി ലഭിച്ചിട്ടുള്ളത്.
