അബുദാബി: ജനുവരി ആദ്യ വാരം നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് നല്‍കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മാന്‍ അവാര്‍ഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയെ നാമനിര്‍ദ്ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവാര്‍ഡ് ജൂറിയിലേക്ക് യൂസഫലി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള അഞ്ച് വ്യക്തികളുടെ പേര് ഉള്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.

കൊവിഡ്19 വ്യാപനം കാരണം പ്രവാസി ഭാരതീയ ദിവസ് ഇതാദ്യമായി ഓണ്‍ലൈനിലാണ് നടക്കുന്നത്. ഇന്ത്യയിലോ വിദേശത്തോ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വിദേശ ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്.

യൂസഫലിയെ കൂടാതെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലാ ഗണിതശാസ്ത്ര വിഭാഗം പ്രൊഫസര്‍ മജ്ഞുലാല്‍ ഭാര്‍ഗവ, ഉഗാണ്ട കിബോക്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ രമേഷ് ബാബു, അന്താരാഷ്ട്ര സഹകരണത്തിനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ പരിഷത് സെക്രട്ടറി ശ്യാം പരന്‍ഡേ, ഇന്റല്‍ ഇന്ത്യ മേധാവി നിവൃതി റായി എന്നിവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റ് അംഗങ്ങള്‍.
ഉപരാഷ്ട്രപതി ചെയര്‍മാനായ അവാര്‍ഡ് ജൂറിയില്‍ പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങളെ കൂടാതെ കേന്ദ്ര വിദേശകാര്യ മന്ത്രി, ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുമുണ്ട്. ഈ മാസം ഓണ്‍ലൈനില്‍ ചേരുന്ന ജൂറിയുടെ ആദ്യയോഗത്തില്‍ അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിടും.