സംസ്ഥാന സര്‍ക്കാര്‍ ദിവസേന പരസ്യത്തിനായി 20 കോടി രൂപ ചെലവഴിക്കുകയാണെന്ന് കോണ്‍ഗ്രസ് എം പി കെ സുധാകരന്‍. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് പൊങ്ങച്ചം കാണിക്കാന്‍ പിണറായി സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുകയാണെന്ന് സുധാകരന്‍ വിമര്‍ശിച്ചു. ജനങ്ങളുടെ നികുതിപ്പണം ഭ്രാന്തമായി ചെലവഴിക്കുന്ന മുഖ്യമന്ത്രിക്കാണ് ഭ്രാന്ത്. ഉദ്യോഗസ്ഥര്‍ക്ക് ശന്വളം നല്‍കാന്‍ ഇല്ലാത്തതിനാല്‍ സാലറി ചലഞ്ച് നടത്തിയ സര്‍ക്കാരാണിത്. മുഖ്യമന്ത്രി ഓണ്‍ലൈനായി നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതിയുദ്ഘാടനങ്ങള്‍ ബജറ്റിലുള്ളതല്ല. കിഫ്ബിയില്‍ നിന്ന് കോടികള്‍ കടമെടുത്തുകൊണ്ടുള്ളവയാണ്. ഈ കടബാധ്യത ആര് തിരിച്ചടയ്ക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. തന്നെ പേ പിടിച്ച നായയെന്ന് വിശേഷിപ്പിച്ച സിപിഐഎം രാജ്യസഭാ എംപി കെ കെ രാഗേഷിനെതിരെ സുധാകരന്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു.

“എനിക്കെതിരെ പട്ടി എന്നൊക്കെ പറഞ്ഞ സിപിഐഎം നേതാവിനോട് പറയാനുള്ളത്, അര്‍ധരാത്രിയില്‍ നിലാവെളിച്ചം നല്‍കുന്ന ചന്ദ്രനെ നോക്കി ചില പട്ടികള്‍ ഓരിയിടും. അര്‍ധരാത്രിയില്‍ നമ്മള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന ശബ്ദം ചില പട്ടികള്‍ ഓരിയിടുന്നതാണ്. ആ ആക്ഷേപത്തെ ഞാന്‍ അങ്ങനെ കാണുന്നു, അത് മറക്കുന്നു, അത് വിടുന്നു. കെ സുധാകരന്‍“

പിണറായി വിജയനെ വിര്‍ശിക്കുമ്പോള്‍ അദ്ദേഹത്തെ തെറിവിളിക്കുകയും ആക്ഷേപിക്കുകയുമാണെന്ന് പറയുന്നു. സാംസ്‌കാരിക ശൂന്യമായി സംസാരിക്കുകയോ മുഖ്യമന്ത്രിയെ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല. ഒരു സ്വാതന്ത്ര്യ സമരസേനാനിയേക്കുറിച്ച് (മുല്ലപ്പള്ളി ഗോപാലന്‍) കേരളത്തിന്റെ മുഖ്യമന്ത്രി പ്രതികരിച്ചപ്പോഴുണ്ടായ ആ പദപ്രയോഗത്തിന്റെ ക്രൂരതയും വേദനയും അദ്ദേഹവും അറിയണം. അതുകൊണ്ടാണ് അതേ ശൈലിയില്‍ പ്രതികരിച്ചത്. മുഖ്യമന്ത്രി പറഞ്ഞ അത്രയും മോശമായി ഞാന്‍ സംസാരിച്ചിട്ടില്ല. അച്ഛനേക്കുറിച്ച് പറയുമ്പോള്‍ മക്കള്‍ക്കുണ്ടാകുന്ന വേദന അറിയാന്‍, അതേ അതിന് മരുന്നുള്ളൂ. മാന്യനോട് മാന്യത എന്നതാണ് എന്റെ രാഷ്ട്രീയ ശൈലി. അതില്‍ അപാകതയുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയാനും എനിക്ക് മടിയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെ വ്യക്തിപരമായ ആക്ഷേപിക്കുന്നത് നൂറ് ശതമാനം തെറ്റാണെന്ന് പ്രതികരിച്ച മാധ്യമപ്രവര്‍ത്തകനും കോണ്‍ഗ്രസ് എംപിയും തമ്മില്‍ തര്‍ക്കമുണ്ടായി. വ്യക്തിപരമായ ആക്രമണങ്ങള്‍ നിര്‍ത്തേണ്ടതല്ലേ എന്ന ചോദ്യത്തിന് കെ സുധാകരന്റെ മറുപടി ഇങ്ങനെ. ‘മുഖ്യമന്ത്രി നിര്‍ത്തിയാല്‍ ഞാനും നിര്‍ത്തും. തുടങ്ങിവെച്ചത് ഞാനല്ല.’