സിപിഎമ്മിന്‍റെ പുതിയ നേതൃത്വത്തെയും സമീപനത്തെയും ഉന്നമിട്ടും വർഗീയ പരാമർശങ്ങളെ രൂക്ഷഭാഷയിൽ വിമർശിച്ചും യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. വർഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഭൂഷണമല്ലെന്നും മുസ്‍ലിം ലീഗിനെ വർഗീയപാർട്ടി എന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മുസ്‍ലിം -ക്രിസ്ത്യൻ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിന്റെ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.വിജയരാഘവന്‍ ആവര്‍ത്തിക്കുന്ന വര്‍ഗീയ പരാമര്‍സങ്ങളെയാണ് അദ്ദേഹം പരോക്ഷമായി വിമര്‍ശിക്കുന്നത്.


കുറിപ്പിന്റെ പൂർണരൂപം: ”തെരഞ്ഞെടുപ്പുകൾ വരും പോകും, ജയവും തോൽവിയും മാറി മറിയാം. പക്ഷെ വർഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഭൂഷണമല്ല. എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ മുസ്‍ലിം ലീഗ് എന്ന പാർട്ടി വർഗീയ പാർട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല എന്ന് മാത്രമല്ല അത്തരം വാദങ്ങൾ സമൂഹത്തിൽ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും. സ്ഫോടനാത്‌മകമായ സന്ദർഭങ്ങളിൽ പോലും മതനിരപേക്ഷ നിലപാടുകൾ ഉയർത്തി പിടിച്ച മുസ്‍ലിം ലീഗിനെ ഇത്തരത്തിൽ ആക്രമിക്കുന്നതും മുസ്‍ലിം-ക്രിസ്ത്യൻ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിന്റെ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേൽപിക്കും”.
