കൊല്ലം : തീരദേശത്തിന്‍റെ ഹൃദയം തൊട്ടറിഞ്ഞ്, ബുദ്ധിമുട്ടുകള്‍ നേരില്‍ കണ്ടറിഞ്ഞ് സാന്ത്വനമേകി രാഹുല്‍ ഗാന്ധി. തീരദേശത്തെ ജനങ്ങളുമായി സംവദിച്ച രാഹുല്‍ ഗാന്ധിക്ക് തങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനമെന്ന് അവരും സാക്ഷ്യപ്പെടുത്തുന്നു. പുലർച്ചെ മത്സ്യബന്ധനത്തിനായി പോയ ബോട്ടില്‍ രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.


അവരുടെ ജോലിയുടെ വിഷമതകള്‍ താന്‍ നേരില്‍ കണ്ട് മനസിലാക്കിയെന്ന് രാഹുല്‍ ഗാന്ധി പിന്നീട് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനം ഏറ്റവും വിലമതിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ജോലിയില്‍ സഹായിക്കുകയും അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്ത രാഹുല്‍ ഏവരെയും അമ്പരപ്പിച്ചു.


വലയൊതുക്കാനായി തൊഴിലാളികള്‍ കടലില്‍ ചാടുന്നത് കണ്ടപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് സംശയം. എന്തിനാണ് ഇവര്‍ കടലില്‍ ചാടുന്നത്? അദ്ദേഹം തിരക്കി. മീന്‍ കുറവാണെന്നും വലയിലുള്ള മീന്‍ നഷ്ടപ്പെടാതിരിക്കാനായി വല ഒതുക്കുകയുമാണ് അവർ ചെയ്യുന്നതെന്ന് വിശദീകരിച്ചു.

ടീഷര്‍ട്ട് ഊരി മാറ്റിയ ശേഷം രാഹുല്‍ ഗാന്ധി അവര്‍ക്കൊപ്പം കടലില്‍ ചാടി. വല വലിച്ചുകയറ്റാന്‍ തൊഴിലാളികള്‍ക്കൊപ്പം കൂടി. പരിചയസമ്പന്നനെ പോലെ അദ്ദേഹം കടലില്‍ നീന്തിയെന്നും ഒരു വേർതിരിവും കാണിക്കാതെ ഒപ്പം ഭക്ഷണം കഴിച്ചെന്നും ബോട്ടുടമ പറയുന്നു. കുടുംബത്തെ പറ്റിയും വരുമാനത്തെ പറ്റിയും മക്കളെ പറ്റിയും അവരുടെ വിദ്യാഭ്യാസത്തെ പറ്റിയുമെല്ലാം അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു.

മത്സ്യത്തൊഴിലാളികളുമായി സംവദിക്കുന്നതിന് മുമ്പാണ് അദ്ദേഹം കടല്‍ യാത്ര നടത്തിയത്. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക പ്രകടനപത്രിക തയാറാക്കുമെന്ന് രാഹുല്‍ ഗാന്ധി പിന്നീട് പറഞ്ഞു.അവരുടെ സങ്കടവും സന്തോഷവും തൊട്ടറിഞ്ഞു. അവരുടെ മക്കളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും ഈ നേതാവ് ചോദിച്ചു. മത്സ്യത്തൊഴിലാളികൾ ആശങ്കകൾ അടുത്തിരുന്ന് പങ്ക് വെച്ചു. ബോട്ടിൽ മത്സ്യബന്ധനത്തിന് അവരോടൊപ്പം കൂടി.
മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് യു.ഡി.എഫിനോട് തുറന്നു പറയാൻ അഭ്യർത്ഥിച്ചു. കേരളത്തിന്റെ സ്വന്തം സൈന്യത്തിനായി
പ്രകടന പത്രികയിൽ എഴുതിച്ചേർക്കുന്നത് നടപ്പിലാക്കുമെന്ന് കടലിനെ സാക്ഷിയാക്കി അദ്ദേഹം കടലിന്റെ മക്കൾക്ക് ഉറപ്പ് കൊടുത്തു.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമുണ്ടെന്ന ഉറപ്പ് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്