തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന് പൂര്‍ണ സജ്ജമായി കേരളവും. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് കൊവിഡ് വാക്‌സിനേഷന്‍ നടക്കുന്നത്. 13300 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആണ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കുക. ആരോഗ്യമന്ത്രി കെകെ ശൈലജ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊവിഡ് വാക്‌സിനേഷന് നേതൃത്വം നല്‍കും. എറണാകുളം ജില്ലയില്‍ ആണ് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉളളത്. 12 കേന്ദ്രങ്ങള്‍ ജില്ലയിലുണ്ട്.

തിരുവനന്തപുരത്തും കോഴിക്കോടും 12 വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ട്. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ 9 കേന്ദ്രങ്ങളും സജ്ജമാക്കിയിരിക്കുകയാണ്. രാവിലെ 10.30 മുതലാണ് വാക്‌സിനേഷന് തുടക്കമാവുക. 4,33,500 ഡോസ് വാക്‌സിനുകളാണ് സംസ്ഥാനത്ത് ആകെ എത്തിയത്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്‌സിനുകള്‍ ജില്ലകളില്‍ വിതരണം ചെയ്തിട്ടുണ്ട്. കൊവിഡ് വാക്‌സിനേഷന്‍ നടക്കുന്ന 133 കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് ഉണ്ടാകും.

ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും മൂന്ന് മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. വാക്‌സിനേഷനുളള മുറി കൂടാതെ കാത്തിരിപ്പിനുളള മുറിയും നിരീക്ഷണത്തിനുളള മുറിയുമുണ്ട്. ഓരോ കേന്ദ്രത്തിലും 5 വാക്‌സിനേഷന്‍ ഓഫീസര്‍മാരുണ്ടാവും. കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.