ന്യൂഡല്‍ഹി: ജനുവരി 16 ന് രാജ്യവ്യാപകമായി കൊവിഡ് വാക്‌സിന്‍ വിതണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായും ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് നാല് മണിക്കാണ് കൂടിക്കാഴ്ച.ചര്‍ച്ചയില്‍ സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങളും വിലയിരുത്തും.കൊവിഡ് വാക്‌സിനുകളായ കൊവിഷീല്‍ഡിനും കൊവാക്‌സിനും അനുമതി നല്‍കിയതിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ ചര്‍ച്ചയാണിത്.

ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് കോടി പേര്‍ക്കാകും വാക്‌സിന്‍ വിതരണം ചെയ്യുക.രാജ്യവ്യാപകമായി കുത്തിവയ്പ്പ് നടത്തുന്നതിന് കോവിഡ് വാക്‌സിന്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് (കോവിന്‍) എന്ന ഒരു സംയോജിത അപ്ലിക്കേഷന്‍ സര്‍ക്കാര്‍ ഉപയോഗിക്കും. അതേസമയം ആപ്ലിക്കേഷന്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല.അതേസമയം വാക്‌സിന്‍ വിതരണത്തിന് തൊട്ട് മുന്‍പ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

അതിനിടെ കൊവിഡ് വ്യാപനം പഠിക്കാനെത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 നാണ് കൂടിക്കാഴ്ച. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരാനുണ്ടായ സാഹചര്യം, പരിശോധകള്‍, ചികിത്സ നടപടികള്‍ തുടങ്ങിയവ കേന്ദ്രസംഘം പരിശോധിക്കും. തദ്ദേശ തിരഞ്ഞെടുപ്പും തൊട്ട് പിന്നാലെ ക്രിസ്തുമസ്,പുതുവത്സര ആഘോഷങ്ങളുമാണ് കൊവിഡ് ഉയരാന്‍ കാരണമായതെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍.
ഞായറാഴ്ച സംസ്ഥാനത്ത് 4545 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 45,695 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. 4003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4659 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.