THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news വിജയരാഘവനും പിണറായിയും മുസ്‌ലിം വിരുദ്ധത പറയുന്നത് ഭൂരിപക്ഷ പ്രിണനത്തിനെന്ന് സമസ്ത മുഖപത്രം; ‘ബംഗാളിലും ത്രിപുരയില്‍...

വിജയരാഘവനും പിണറായിയും മുസ്‌ലിം വിരുദ്ധത പറയുന്നത് ഭൂരിപക്ഷ പ്രിണനത്തിനെന്ന് സമസ്ത മുഖപത്രം; ‘ബംഗാളിലും ത്രിപുരയില്‍ ബിജെപിയില്‍ ചേക്കേറിയത് സിപിഐഎം നേതാക്കളും അണികളും’

കോഴിക്കോട്: തുടര്‍ഭരണം ലക്ഷ്യമായെടുത്ത് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഐഎം പുറത്തെടുത്ത വര്‍ഗീയരാഷ്ട്രീയം സംസ്ഥാനത്തെ അപകടകരമായ അവസ്ഥയിലായിരിക്കും എത്തിക്കുകയെന്ന് സമസ്ത മുഖപത്രം സുപ്രഭാതം.
സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനില്‍ നിന്ന് ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ യാദൃച്ഛികമല്ല. പ്രസ്താവനകള്‍ വിവാദമാകുമ്പോള്‍ മാധ്യമങ്ങളെ പഴിപറയുന്ന കീഴ്‌വഴക്കം വിജയരാഘവന്‍ തുടരുകയാണ്. ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തില്‍ ഊന്നിയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നതെന്ന് സി.പി.എമ്മിന്റെ ഒന്നിലധികം നേതാക്കള്‍ ഇതിനകം തെളിയിച്ചുകഴിഞ്ഞുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

adpost

വിജയരാഘവനില്‍ മാത്രം തീരുന്നില്ല മുസ്‌ലിം വിരുദ്ധത. ഹസനും അമീറും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് ഇനി യു.ഡി.എഫിനെ നയിക്കാന്‍ പോകുന്നതെന്ന സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയുടെ ഉള്ളടക്കം മനസിലാകാന്‍ അതിബുദ്ധിയൊന്നും വേണ്ട. ‘യു.ഡി.എഫ് നേതൃത്വം മുസ്‌ലിം ലീഗ് ഏറ്റെടുക്കാന്‍ പോകുന്നു’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പും ലക്ഷ്യംവച്ചത് മറ്റൊന്നായിരുന്നില്ല. യു.ഡി.എഫ് നേതൃത്വം മുസ്‌ലി ലീഗിന്റെ കൈയില്‍ വന്നാല്‍ മതേതര, ജനാധിപത്യ കേരളത്തിന്റെ ഭാവി അപകടത്തിലാകുമെന്ന വിഭാഗീയ ശങ്കയായിരുന്നു മുഖ്യമന്ത്രി പങ്കുവച്ചത്. യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കള്‍ സംസ്ഥാന മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ കാണാന്‍വന്നത് മതേതര കേരളത്തിന് വലിയ ഭീഷണിയാണെന്ന രീതിയിലായിരുന്നു വിജയരാഘവന്‍ പിന്നീട് പ്രതികരിച്ചത്. തീവ്ര ന്യൂനപക്ഷ വര്‍ഗീയതയാണ് സംസ്ഥാനത്തിന് ഏറ്റവും വലിയ ഭീഷണിയെന്നാണ് വിജയരാഘവന്‍ കോഴിക്കോട് മുക്കത്ത് വച്ച് കഴിഞ്ഞദിവസം പറഞ്ഞത്. കേരളത്തിലെ മതനിരപേക്ഷ സമൂഹം വിജയരാഘവന്റെ ഈ പ്രസ്താവനയെ അതി നിശിതമായി എതിര്‍ത്തപ്പോള്‍ പതിവുപോലെ പഴി മാധ്യമങ്ങള്‍ക്കെതിരേ തിരിച്ചുവിടുകയും ചെയ്തു. അച്ചടി മാധ്യമങ്ങള്‍ മാത്രമുണ്ടായിരുന്ന കാലത്ത് ഇത്തരം നിഷേധങ്ങള്‍ വിലപ്പോയിരുന്നു. മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനങ്ങളെ വര്‍ഗീയവല്‍ക്കരിച്ച് ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം സൃഷ്ടിക്കുക എന്നതാണ് ഈ പൈശാചികവല്‍ക്കരണത്തിന് പിന്നിലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

adpost

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഒരു സീറ്റൊഴികെ ബാക്കിയെല്ലാം തൂത്തുവാരിയത് ശബരിമലയില്‍ സി.പി.എം കൈക്കൊണ്ട സമീപനത്തിലായിരുന്നുവെന്ന് സി.പി.എം നേതൃത്വം കരുതുന്നുണ്ടാകണം. എന്നാല്‍, അത് മാത്രമായിരുന്നില്ല കാരണമെന്ന് സി.പി.എം തിരിച്ചറിയാതെ പോകുന്നു. കേന്ദ്രത്തില്‍ നിന്ന് ബി.ജെ.പിയെ തുടച്ചുമാറ്റാന്‍ കേരളത്തിലെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി കോണ്‍ഗ്രസിന് വോട്ട് ചെയ്തതിനാലായിരുന്നു അത്തരമൊരു അഭൂത വിജയം യു.ഡി.എഫിന് നേടാന്‍ കഴിഞ്ഞത്. ശബരിമല വിഷയത്തില്‍ ഭൂരിപക്ഷ സമുദായം വഴിമാറിപ്പോയതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് കാരണമെന്ന് ഗണിച്ച് ഭൂരിപക്ഷവിഭാഗത്തെ പ്രീണിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് മുസ്‌ലിം ന്യൂനപക്ഷത്തിനെതിരായ സി.പി.എമ്മിന്റെ വര്‍ഗീയാക്രമണങ്ങള്‍. ശബരിമല വിഷയത്തോടെ ഭൂരിപക്ഷ സമുദായത്തില്‍ ഇളക്കം സംഭവിച്ചുവെന്ന ഭയാശങ്കയില്‍ നിന്നാണ് പച്ചയായ വര്‍ഗീയത വിളിച്ചുപറയാന്‍ സി.പി.എം നേതാക്കളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എമ്മിന്റെ ഇത്തരം നിലപാടുകള്‍ ബി.ജെ.പിയുടെ ഹിന്ദുത്വ അജന്‍ഡയെ പരിപോഷിപ്പിക്കാന്‍ മാത്രമേ ഉതകൂവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

തുടര്‍ഭരണത്തിനായി എന്ത് നെറികേടിനും സി.പി.എം തയാറാകുമെന്ന സൂചനയും നേതാക്കളുടെ പ്രസംഗങ്ങളില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയപ്പെട്ടാല്‍ ബംഗാളിലും ത്രിപുരയിലും ഉണ്ടായ പാര്‍ട്ടിയുടെ തകര്‍ച്ച കേരളത്തിലും ആവര്‍ത്തിക്കുമെന്ന ഭയമാണ് സി.പി.എമ്മിനെ സംസ്ഥാനത്തിന്റെ മതസൗഹാര്‍ദ അന്തരീക്ഷത്തെ തകര്‍ക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. ബി.ജെ.പിയെക്കുറിച്ചുള്ള അകാരണ ഭയവും സി.പിഎമ്മിനെ ഉലയ്ക്കുന്നുണ്ട്. അതിനാല്‍ ക്രിസ്ത്യന്‍ സമൂഹത്തെ വശത്താക്കാന്‍ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന ഭഗീരഥശ്രമങ്ങളോട് മത്സരിക്കുകയാണ് സി.പിഎം. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് ബി.ഡി.ജെ.എസിലെ ഒരുവിഭാഗം യു.ഡി.എഫില്‍ ചേര്‍ന്നപ്പോഴും കേരള കോണ്‍ഗ്രസ് പി.സി തോമസ്, പി.സി ജോര്‍ജ് വിഭാഗങ്ങള്‍ യു.ഡി.എഫിലേക്ക് വരാന്‍ അവസരം പാര്‍ത്ത് കഴിയുമ്പോഴും ഈ പാര്‍ട്ടികളുടെ മുന്‍ നിലപാടുകളില്‍ യാതൊരു വര്‍ഗീയതയും കാണാത്ത സി.പി.എം യു.ഡി.എഫ് നേതാക്കള്‍ പാണക്കാട്ട് എത്തുമ്പോള്‍ മതേതര കേരളത്തിന്റെ തകര്‍ച്ച കാണുന്നത് ക്രിസ്ത്യന്‍ വോട്ടുകളില്‍ കണ്ണുനട്ടിട്ടല്ലെങ്കില്‍ മറ്റെന്താണ്? ഇന്ത്യന്‍ സാമൂഹിക, രാഷ്ടീയ പരിസരത്ത് മുസ്‌ലിം ന്യൂനപക്ഷത്തിന്റെ കൂറ് അടിക്കടി വ്യക്തമാക്കേണ്ടിവരുന്ന ദുരവസ്ഥ ഇതുവരെ കേരളത്തിലുണ്ടായിരുന്നില്ല. അത്തരമൊരു അപകടകരമായ അവസ്ഥയിലേക്കാണ് സി.പി.എം വഴിവെട്ടിക്കൊണ്ടിരിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു..

കാലങ്ങളായി സി.പി.എം തുടര്‍ന്നുവരുന്ന മുസ്‌ലിം വിരുദ്ധ നിലപാടുകളും മുന്‍വിധികളും മായ്ച്ചുകളയാന്‍ സി.എ.എ കേരളത്തില്‍ നടപ്പാക്കുകയില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ മതിയാവില്ല. സി.എ.എക്കെതിരേ സമരം ചെയ്തതിന്റെ പേരില്‍ ചാര്‍ജ് ചെയ്ത അഞ്ഞൂറിലധികം കേസുകള്‍ പൊലിസ് സ്റ്റേഷനുകളില്‍ ഉള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ വാഗ്ദാന നിരര്‍ത്ഥത. മുസ്‌ലിം ജനസാമാന്യത്തിന്റെ വോട്ട് തങ്ങള്‍ക്കനുകൂലമല്ലെങ്കില്‍ അവരെ തീവ്രവാദികളായും വര്‍ഗീയവാദികളായും ചാപ്പ കുത്തുന്നതാണ് സി.പി.എം നിലപാട്. കേരളത്തിലെ അവരുടെ അവസാന തുരുത്തുംകൂടി നഷ്ടപ്പെടുത്താന്‍ മാത്രമേ ഈ നയം ഉപകരിക്കൂ. ദേശീയരാഷ്ട്രീയത്തില്‍ ബി.ജെ.പി വിജയിപ്പിച്ച മുസ്‌ലിം അപരവല്‍ക്കരണ രാഷ്ട്രീയം കേരളത്തിലും പ്രാവര്‍ത്തികമാക്കാമെന്നാണ് കരുതുന്നതെങ്കില്‍ മരിച്ചുകൊണ്ടിരിക്കുന്ന സി.പി.എമ്മിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കും അത്തരം മോഹങ്ങളെന്ന് പറഞ്ഞാണ് മുഖപ്രസംഗം ഉപസംഹരിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com