കോഴിക്കോട്: പഠനയാത്രയ്ക്കിടെ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ആറ്റിങ്ങല്‍ സ്വദേശി സൂദാ മന്‍സില്‍ സിയാദിനെയാണ് (45) പൊലീസ് അറസ്റ്റുചെയ്തത്. പോക്‌സോ കേസ് പ്രകാരമാണ് ഇയാളെ അറസ്റ്റുചെയ്തിരിക്കുന്നത്. മറ്റൊരു പ്രതിയായ സഹഅധ്യാപകന്‍ ബാലുശ്ശേരി സ്വദേശി പ്രബീഷ് ഒളിവിലാണ്. വിവരം പൊലീസിനെ അറിയിക്കാന്‍ വൈകിയതിന് സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയും കേസില്‍ പ്രതിചേര്‍ത്തതായി പൊലീസ് പറഞ്ഞു.

ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഫെബ്രുവരിയില്‍ ഊട്ടിയില്‍ പഠനയാത്രയ്ക്ക് പോയപ്പോള്‍ അധ്യാപകനായ സിയാദും പ്രബീഷും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. പഠനയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ പെണ്‍കുട്ടി പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി പൊലീസിന് കൈമാറാതെ പ്രിന്‍സിപ്പല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

സംഭവത്തില്‍ നടപടി വൈകിയതോടെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളും അധ്യാപകരും തമ്മില്‍ സ്‌കൂളില്‍വെച്ച് വാക്കേറ്റം നടന്നിരുന്നു. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് നീതിലഭിക്കാതായതോടെ പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സിയാദ് അറസ്റ്റിലാകുന്നത്.