കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികളുടെ പരിചരണത്തിലെ വീഴ്ചകള്‍ തുറന്നുകാട്ടിയ ഡോ. നജ്മയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ക്കെതിരെ കുറിപ്പുമായി കെ.എസ് ശബരീനാഥന്‍ എംഎല്‍എ. ഡോക്ടറെ വളഞ്ഞിട്ടാക്രമിക്കുകയാണെന്നും വാഴ്ത്തുപാട്ടുകള്‍ മാത്രമല്ല വിമര്‍ശനങ്ങള്‍ കേള്‍ക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ‘നജ്മയില്‍ നിന്ന് ഡോ. കഫീല്‍ ഖാനിലേക്ക് ഇനി എത്ര ദൂരം..?’ എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.

ശബരീനാഥന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പൊട്ടിക്കരഞ്ഞുകൊണ്ട് ലോകത്തോട് ആശുപത്രിയിലെ മെഡിക്കല്‍ നെഗ്‌ളിജന്‍സിനെക്കുറിച്ച് തുറന്നു പറഞ്ഞ ഡോക്ടര്‍ നജ്മയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. വാഴ്ത്തു പാട്ടുകള്‍ മാത്രമല്ല, വിമര്‍ശനങ്ങള്‍ കേള്‍ക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. നജ്മയില്‍ നിന്ന് ഡോക്ടര്‍ കഫീല്‍ ഖാനിലേക്ക് ഇനി എത്ര ദൂരം..?
കൊവിഡ് രോഗികളുടെ പരിചരണത്തില്‍ അനാസ്ഥയുണ്ടെന്ന വെളിപ്പെടുത്തലിനുപിന്നാലെ വ്യാപക സൈബര്‍ ആക്രമണമാണ് നജ്മയ്‌ക്കെതിരെ ഉണ്ടായത്. സി.പി.എം അനുകൂല സംഘടനകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമാണ് പ്രചാരണങ്ങളെന്ന് ചൂണ്ടിക്കാട്ടി നജ്മ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.