തിരുവനന്തപുരം: യു ട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരം അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ പോലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോലീസിനെ വെട്ടിച്ച് ഇയാള്‍ ഒളിവിലായിരുന്നു. വിജയ് പി നായര്‍ ഇന്നലെ മുതല്‍ മുറിയിലില്ലെന്ന് ലോഡ്ജിലെ മറ്റു താമസക്കാര്‍ പോലീസിനോട് പറഞ്ഞിരുന്നു.

സ്ത്രീകളെ അധിക്ഷേപിക്കുന്ന അശ്ലീല വീഡിയോ പ്രസിദ്ധീകരിച്ച ഇയാള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിരുന്നു. ഇതോടെ അറസ്റ്റ് ചെയ്യാനുള്ള നടപടിയും പോലീസ് തുടങ്ങിയിരുന്ന സാഹചര്യത്തിലാണ് ഇയാള്‍ ഒളിവില്‍ പോയത്. മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു.

കേസിന് കാരണമായ യൂട്യൂബിലെ വിഡിയോ പരിശോധിച്ച് ഹൈടെക് സെല്‍ ചുമതലയുള്ള ഡി.വൈ.എസ്.പി ഇ.എസ് ബിജുമോനാണ് ഐ.ടി ആക്ട് ചുമത്താമെന്ന ശുപാര്‍ശ മ്യൂസിയം പൊലീസിന് നല്‍കിയത്. ലൈംഗിക അധിക്ഷേപമുള്ള ഉള്ളടക്കം പ്രസിദ്ധീകരിച്ചതിനുള്ള 67, 67 (A) വകുപ്പുകളാണ് ചുമത്തിയത്.
അഞ്ച് വര്‍ഷം തടവും പത്ത് ലക്ഷം പിഴയും ശിക്ഷ ലഭിക്കുന്നതിനൊപ്പം ജാമ്യം കിട്ടാനും വഴിയില്ല. ആദ്യം നിസാരവകുപ്പ് ചുമത്തിയ പൊലീസ്, പഴി കേട്ടതോടെയാണ് കേസ് പരിഷ്‌കരിക്കുന്നത്. ഇതിനൊപ്പം കഌനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്ന പ്രതിയുടെ അവകാശവാദവും കുരുക്കായേക്കും.
അതേസമയം വിജയ് പി നായര്‍ക്ക് പി.എച്ച്.ഡി ബിരുദം നല്‍കി എന്ന് പറയുന്ന പറയുന്ന സര്‍വകലാശാല വെറും കടലാസ് സര്‍വകലാശാലയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇല്ലാത്ത വ്യാജ യോഗ്യത കാണിച്ച് തട്ടിപ്പ് നടത്താന്‍ സൈക്കോളജിസ്‌റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെയാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും നിയമ നടപടിയ്ക്ക് തുടക്കം കുറിച്ചത്.
ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഹ്യൂമന്‍ പീസ് എന്ന സര്‍വകലാശാലയില്‍ നിന്നാണ് തനിക്ക് പിച്ച്ഡി ലഭിച്ചതെന്നായിരുന്നു വിജയ് പി നായരുടെ അവകാശവാദം. പക്ഷെ ചെന്നൈയിലോ അവിടെയുള്ള പരിസരങ്ങളിലോ ഇത്തരത്തില്‍ ഒരു സര്‍വകലാശാല ഇല്ലെന്നതാണ് വസ്തുത.
പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ വിജയ് പി നായരെ ശാരീരികമായി കൈകാര്യം ചെയ്തിരുന്നു. ഇവര്‍ വിജയ് താമസിക്കുന്ന തിരുവനന്തപുരം ഗാന്ധാരി അമ്മന്‍ കോവില്‍ റോഡിലുള്ള വീട്ടിലെത്തി കരിയോയില്‍ ഒഴിക്കുകയും കരണത്തടിക്കുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.
ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു. സ്ത്രീകളുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസ് വിജയ് പി നായര്‍ക്കെതിരെ കേസെടുത്തിരുന്നു. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കയ്യേറ്റം ചെയ്യുക എന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ഭാഗ്യലക്ഷ്മിയ്ക്ക് പുറമേ കവയിത്രി സുഗതകുമാരി, ശബരിമല പ്രവേശനത്തിലൂടെ വിവാദം സൃഷ്ടിച്ച ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണി, കനക ദുര്‍ഗ്ഗ, രഹന ഫാത്തിമ, തൃപ്തി ദേശായി എന്നിവര്‍ക്കതിരെയും വിജയ് പി നായര്‍ യൂ ട്യൂബ് ചാനല്‍ വഴി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.