തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്നതരത്തില്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്ന് താന്‍ പറയുന്നതായി പ്രചരിക്കുന്ന ശബ്ദ സന്ദേശം തന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് സ്വപ്ന സുരേഷ്. ഇക്കാര്യം അന്വേഷിക്കാന്‍ എത്തിയ ദക്ഷിണമേഖല ജയില്‍ ഡിഐജിയോടെയാണ് സ്വപ്ന സുരേഷ് ഇക്കാര്യം സമ്മതിച്ചത്. സ്വപ്നയുടെ വെളിപ്പെടുത്തലടങ്ങിയ ഓഡിയോ ക്ലിപ്പ് മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചെങ്കിലും ഇവാര്‍ത്തയും ദ ക്യൂവും പ്രസിദ്ധീകരിച്ചിരുന്നു.

ശബ്ദം തന്റേതാണെങ്കിലും അതെപ്പോള്‍ സംസാരിച്ചതാണെന്ന് ഓര്‍മ്മയില്ലെന്നാണ് സ്വപ്നയുടെ നിലപാട്. ഒക്ടോബര്‍ 14നാണ് താന്‍ അട്ടക്കുളങ്ങര ജയിലില്‍ എത്തിയത്. ഒരു തവണ കസ്റ്റംസ് സാന്നിധ്യത്തില്‍ അമ്മയുമായി ഫോണില്‍ സംസാരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് താന്‍ ഭര്‍ത്താവിനേയും മക്കളേയും അമ്മയേയും കണ്ടതെന്നും ജയില്‍ വകുപ്പ് ഡിഐജിയോട് സ്വപ്ന സുരേഷ് പറഞ്ഞു. കസ്റ്റഡിയിലിരിക്കുമ്പോള്‍ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നാണ് ജയില്‍ വകുപ്പിന്റെ നിഗമനം. തന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ തന്നെ ഐജി ജയില്‍ ഡിജിപി റിഷിരാജ് സിംഗിന് സമര്‍പ്പിക്കും.

സ്വപ്ന സുരേഷിന്റെ പേരിലുള്ള ശബ്ദ രേഖ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇതേക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ മേധാവി റിഷിരാജ് സിംഗ് ദക്ഷിണമേഖല ജയില്‍ വകുപ്പ് ഡിഐജിയോട് നിര്‍ദേശിച്ചത്. തുടര്‍ന്ന് ഡിഐജി ഇന്ന് നേരിട്ട് അട്ടക്കുളങ്ങര ജയിലില്‍ എത്തി സ്വപ്നയെ കാണുകയായിരുന്നു. കോടതി അനുമതി പ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥരും സ്വപ്നയെ ചോദ്യം ചെയ്യാനായി ഇന്ന് ജയിലില്‍ എത്തിയിട്ടുണ്ട്.