ശബരിമല: തപാല്‍ വഴിയുള്ള ശബരിമല പ്രസാദ വില്‍പ്പനയില്‍ വര്‍ധനവ്. 450 രൂപയാണ് പ്രസാദം അടങ്ങിയ കിറ്റിന്റെ വില. കൊവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ നേരിട്ടെത്താന്‍ കഴിയാത്ത നിരവധി പേരാണ് കിറ്റ് തപാല്‍ വഴി വാങ്ങുന്നത്. അരവണ, വിഭൂതി, കുങ്കുമം, മഞ്ഞള്‍പ്പൊടി, അര്‍ച്ചനയുടെ പ്രസാദം എന്നിവയാണ് കിറ്റിലുള്ളത്.

ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും തമ്മിലുള്ള കരാര്‍ പ്രകാരമാണ് രാജ്യത്ത് എവിടെയും ശബരിമല പ്രസാദങ്ങള്‍ അടങ്ങിയ കിറ്റ് പോസ്റ്റ് ഓഫീസ് വഴി എത്തിച്ച് നല്‍കിത്തുടങ്ങിയത്. കോവിഡ് മൂലം തീര്‍ഥാടകര്‍ക്ക് ശബരിമലയില്‍ വരാന്‍ പറ്റാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ് അരവണയും മറ്റും വീട്ടില്‍ എത്തിച്ചുനല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

250 രൂപ ദേവസ്വം ബോര്‍ഡിനും 200 രൂപ തപാല്‍ വകുപ്പിനുമാണ് ലഭിക്കുക. പോസ്റ്റ് ഓഫീസ് വഴി എത്തിച്ചു നല്‍കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കിറ്റില്‍നിന്നു അപ്പം ഒഴിവാക്കിയതെന്ന് പറയുന്നു. കേരളത്തിന് പുറത്തുനിന്നുംവരുന്ന ഭക്തര്‍ കൂടുതല്‍ വാങ്ങുന്നത് അരവണയാണ്. എന്നാല്‍ കോവിഡ് നിയന്ത്രണം മൂലം ഇത്തവണ വില്‍പ്പന കുറഞ്ഞതോടെയാണ് തപാല്‍ വഴിയുള്ള പ്രസാദ വിതരണം ഊര്‍ജിതമാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
അതേസമയം, മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. ഈ ഒരാഴ്ചയ്ക്കുള്ളില്‍ ദര്‍ശനത്തിനെത്തിയത് വെറും 9000 പേര്‍. കഴിഞ്ഞ വര്‍ഷം ഒരാഴ്ചക്കുള്ളില്‍ എത്തിയത് 3 ലക്ഷം തീര്‍ത്ഥാടകരായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാലാണ് ഭക്തരുടെ എണ്ണത്തില്‍ വന്‍ ഇടിവ് അനുഭവപ്പെടുന്നത്. ഈ ഒരാഴ്ചയ്ക്കുള്ളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമാണ് കുറച്ചെങ്കിലും തിരക്ക് അനുഭവപ്പെട്ടത്. വാവര് നടയില്‍ അയ്യപ്പന്മാര്‍കൂടിയിരിക്കുന്നതും ഇത്തവണത്തെ ആദ്യകാഴ്ചയായിരുന്നു.
സാധാരണദിവസങ്ങളില്‍ 1000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കുമാണ് അനുമതിയുള്ളത്. തീര്‍ത്ഥാടകരുടെ കുറവ് നടവരവിനേയും ബാധിച്ചു. കഴിഞ്ഞ വര്‍ഷം ഒരു ദിവസം മൂന്ന് ലക്ഷത്തോളം രൂപയായിരുന്നു നടവരവായി ലഭിച്ചിരുന്നത്. എന്നാല്‍, ഈ വര്‍ഷത്തെ കണക്കുകളെടുത്താല്‍ വെറും 10 ലക്ഷം രൂപയാണ് നടവരവായി ലഭിക്കുന്നത്.
ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേരിലധികം എത്തിയിട്ടും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പൊലീസിനു സാധിച്ചിട്ടുണ്ട്. പ്രതിദിനം വരുന്ന ഭക്തരുടെ എണ്ണം കൂട്ടിയാലും കോവിഡ് നിയന്ത്രണം പാലിക്കാന്‍ സാധിക്കുമെന്ന് കണക്കുകൂട്ടലില്‍ തന്നെയാണ് പൊലീസ്.