ബെംഗളൂരു: അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികല ഉടന്‍ ജയില്‍ മോചിതയായേക്കും. കേസില്‍ സുപ്രീം കോടതി വിധിച്ച 10 കോടി രൂപ പിഴ അടച്ചതോടെയാണ് ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. ഇന്ന് ബെംഗളൂരുവിലെ സ്‌പെഷ്യല്‍ കോടതിയില്‍ എത്തി ശശികലയുടെ അഭിഭാഷകന്‍ നാല് ഡ്രാഫ്റ്റുകള്‍ അടയ്ക്കുകയായിരുന്നു. ഇതോടെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ശശികല തമിഴ്‌നാട് രാഷ്ട്രീയത്തില് സജീവമാകുമെന്ന് ഏറെ കുറെ വ്യക്തമായി.

നിലവില്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാ ജയിലിലാണ് ശശികല തടവുശിക്ഷ അനുഭവിക്കുന്നത്. നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. ജനുവരി 27ന് ശിക്ഷാ കാലാവധി പൂര്‍ത്തിയാകും. പിഴ അടച്ചില്ലില്ലേങ്കില്‍ ഒരു വര്‍ഷം കൂടി അധിക ശിക്ഷ അടിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ പിഴ അടയ്ക്കാന്‍ തയ്യാറാണെന്ന് ശശികല കോടതിയെ അറിയിക്കുകയായിരുന്നു.

അങ്ങനെയെങ്കില്‍ ശശികലയുടെ അടുത്ത രാഷ്ട്രീയ നീക്കമാവും ഏറ്റവും കൂടുതല്‍ ഉറ്റുനോക്കപ്പെടുന്നത്. സംസ്ഥാനത്തെ ഭരണകക്ഷിയായ എഐഎഡിഎംകെ (അകഅഉങഗ)യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിലവിലെ മുഖ്യമന്ത്രിയായ ഇ. പളനിസാമിയെ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ശശികലയ്‌ക്കെതിരെ ഇപിഎസും ഒപിഎസും നേരത്തേ തന്നെ രംഗത്തെത്തിയത്.
മടങ്ങിയെത്തിയാലും ശശികലയെ സ്വീകരിക്കാന്‍ എഐഎഡിഎംകെ നേതൃത്വം തയ്യാറായേക്കില്ല. അതേസമയം ശശികല ബിജെപിക്കൊപ്പം ചേര്‍ന്ന് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അട്ടിമറിക്ക് കളമൊരുക്കുമോയെന്നാണ് മറ്റൊരു ചര്‍ച്ച. വരും ദിവസങ്ങളില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പല നിര്‍ണായക നീക്കങ്ങള്‍ക്കം വഴിയൊരുങ്ങിയേക്കും.