കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ രാഷ്ട്രീയ കളിയില്‍ താന്‍ കരുവാക്കപ്പെട്ടതാണെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍. കസ്റ്റംസ് കേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. മുന്‍പില്‍ 60 അധികം തവണ താന്‍ ഹാജരായി, 90 മണിക്കൂര്‍ തന്നെ ചോദ്യം ചെയ്തു. നീണ്ട ചോദ്യം ചെയ്യലും ഹാജരാകാനുള്ള യാത്രകളും മൂലം അസുഖബാധിതനായി മാനസികമായി തകര്‍ന്നു പോകുന്ന അവസ്ഥയിലായി. വെള്ളിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് കോടതി വിധി മറികടക്കാനുള്ള ശ്രമമാണെന്നും ശിവശങ്കര്‍ പറഞ്ഞു.

അറസ്റ്റ് ചെയ്താല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ആശങ്കയുണ്ടെന്നും ശിവശങ്കര്‍ വ്യക്തമാക്കി. ഐഎഎസ് ഓഫീസറായ തന്നെ, മറ്റു ലക്ഷ്യങ്ങള്‍ക്കായി എല്ലാ അന്വേഷണ ഏജന്‍സികളും ഒരു ക്രിമിനലിനെ പോലെ പ്രോസിക്യൂട്ട് ചെയ്യുകയാണെന്ന് ശിവശങ്കര്‍ പറഞ്ഞു. എന്തിനാണ് ഇങ്ങനെ പെരുമാറുന്നത് എന്നറിയില്ല. കുഴഞ്ഞുവീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും ഭാര്യ അവിടെ ജോലി ചെയ്യുന്നുവെന്ന കാരണത്താല്‍, നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്ത് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെന്നും ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.

അതേസമയം, രാഷ്ട്രീയം കളിക്കുന്നത് ശിവശങ്കറാണ് എന്നാണ് കസ്റ്റംസ് നിലപാട്. എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു അതിനെതിരായാണ് ഇപ്പോള്‍ ശിവശങ്കറിന്റെ മൊഴി. സമന്‍സ് സ്വീകരിക്കാനും ഹാജരാകാനും ശിവശങ്കര്‍ വിസമ്മതിക്കുകയാണ് ചെയ്തതെന്ന് കസ്റ്റംസ് പറഞ്ഞു. പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ ശിവശങ്കര്‍ വിസമ്മതിക്കുന്നതായും കസ്റ്റംസ് വെളിപ്പെടുത്തി.
ഇതിനിടെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യാനുള്ള തീരുമാനമെടുത്തത്.
കടുത്ത ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാല്‍ ശിവശങ്കറിനെ ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കേണ്ടതില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. കടുത്ത തലവേദനയും കഴുത്ത് വേദനയുമുണ്ടെന്നായിരുന്നു ശിവശങ്കര്‍ പറഞ്ഞിരുന്നത്. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശിവശങ്കര്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടി. വഞ്ചിയൂര്‍ ത്രിവേണി ആശുപത്രിയിലാണ് ശിവശങ്കര്‍ ചികിത്സ തേടിയത്.