തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെച്ച് അഴിമതിയുടെ ദുര്‍ഗന്ധം പരത്താമെന്ന വ്യാമോഹമാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ പ്രചാരണത്തിലൂടെ ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയുമായി എം ശിവശങ്കറിന് ബന്ധമ്മുണ്ടെന്ന് വിവരം ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. അദ്ദേഹത്തെ പദവിയില്‍ നിന്ന് മാറ്റിയിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒന്നുമില്ല. പ്രതിപക്ഷം വ്യാജ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്ത് വിലകൊടുത്തും അഴിമതി ചെറുക്കണം എന്ന അഭിപ്രായമാണ് സര്ക്കാരിനുള്ളത്. സര്‍ക്കാര്‍ ഒരു അഴിമതിയും വവെച്ച് പൊറുപ്പിക്കില്ല. ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നീതിന്യായ കോടതിക്ക് മുന്നില്‍ കൊണ്ട് വരണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. മുന്‍കാലങ്ങളെ പോലെ മനസാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്‌ന ഐടി പാര്‍ക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന സംഭവം പുറത്ത് വന്ന ഉടെന അവരുടെ കരാര്‍ സേവനം അവസാനിപ്പിച്ചു. ഇവരുടെ ബിരുദത്തെപറ്റിയുള്ള കാര്യങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആവഷ്യപ്പെട്ടു. ഐടി മേഖലയിലെ എല്ലാ നിയമനങ്ങളും ക്രമമാണോ എന്നതിന് വിശദമായ പരിശോന നടത്തി വരികയാണ്.
അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന അഭിപ്രായമാണ് സര്‍ക്കാരിന്റേത്. ശരിയായ ദിശയിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് ശിവശങ്കരനെ എനിക്ക് പരിചയമില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ ഉള്ള ഉദ്യോഗസ്ഥരായിരുന്നു ഇവര്‍.ആഭ്യന്തരവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന നളിനി നേറ്റോയായിരുന്നു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്നത്.പിന്നീടാണ് ശിവശങ്കര്‍ എത്തിയത്.
പ്രത്യേക കാരണങ്ങളില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ സംശയിക്കില്ല. ശിവശങ്കറിനെ നിയോഗിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ലെന്നു പിണായി പറഞ്ഞു. വ്യക്തിപരമായ നിലയില്‍ ശിവശങ്കര്‍ ചെയ്ത കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും പിണറായി പറഞ്ഞു.