തിരുവനന്തപുരം: വളരെ സുപ്രധാനമായ നിരവധി നിയമങ്ങള്‍ പിറവികൊണ്ട, ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ നിറഞ്ഞ് നിന്ന 14-ാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. ഭരണഘടനാ സ്ഥാപനമായ സി എ ജിക്കെതിരെ മുഖ്യമന്ത്രികൊണ്ടുവരുന്ന ഒരു പ്രമേയത്തോടെയാണ് ഇന്നത്തെ സഭ അവസാനിക്കുക.

സ്പീക്കര്‍ക്കും സര്‍ക്കാറിനുമെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങള്‍ക്കും 14 സര്‍ക്കാര്‍ പ്രമേയങ്ങള്‍ക്കും സഭ സാക്ഷിയായി. ഏഴു സിറ്റിംഗ് എം എല്‍ എമാരാണ് ഈ കാലയളവില്‍ വിട പറഞ്ഞത്. കെ എം മാണി, കെ കെ രാമചന്ദ്രന്‍ നായര്‍, തോമസ് ചാണ്ടി, സി എഫ് തോമസ്, വിജയന്‍ പിള്ള, പി ബി അബ്ദുള്‍ റസാഖ്, കെ വി വിജയദാസ് എന്നീ എം എല്‍ എമാരാണ് വേര്‍പിരിഞ്ഞത്.

സംസ്ഥാനത്തേും ദേശീയ രാഷ്ട്രീയത്തേയും സ്വാധീനിക്കുന്ന നിരവധി സംയുക്ത പ്രമേയങ്ങള്‍ സഭ പാസാക്കി. ആണവകരാറിനെതിരെയും കര്‍ഷക നിയമത്തിനെതിരേയുമെല്ലാമുള്ള പ്രമേയങ്ങള്‍ ദേശീയ അടിസ്ഥാനത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി. അഞ്ച് വര്‍ഷത്തോളം നീണ്ടുനിന്ന സഭയിലെ വാക്‌പ്പോരിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഇനി ജനങ്ങളിലേക്ക് ഇറങ്ങും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ നീക്കങ്ങളിലേക്ക് ഇനി രാഷ്ട്രീയ കേരളം വഴിമാറും.
ഏകദിന സമ്മേളനങ്ങളുടെ കാര്യത്തില്‍ ഈ സഭ റെക്കോര്‍ഡിട്ടു. ഏഴു പ്രത്യേക സമ്മേളനങ്ങളും ആറ് അടിയന്തര പ്രമയങ്ങളും ചര്‍ച്ചയ്ക്കു വന്നു. ഡിജിറ്റലിലേക്ക് കേരള നിയമസഭ മാറിയതും സഭാടിവിയുടെ വരവും ഇതേ കാലയളവിലായിരുന്നു. കൊവിഡ് കാലത്തെ സഭാ സമ്മേളനം പുത്തന്‍ അനുഭവമായി. ആറു അടിയന്തര പ്രമേയങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചക്കു തയാറായി. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ബിജെപിക്കും ഒരു എം എല്‍ എയുണ്ടായി എന്നതും ഈ സഭയുടെ പ്രത്യേകതയാണ്.
രണ്ട് എം എല്‍ എമാര്‍ ജയിലിലും മൂന്നു മണ്ഡലങ്ങളില്‍ എം എല്‍ എമാര്‍ ഇല്ലാത്തതുമായ അപൂര്‍വ സാഹചര്യത്തിലാണ് സഭ ഇന്നു പിരിയുന്നത്. ആഴ്ചകള്‍ക്കപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ്. കൊവിഡിനെ തുടര്‍ന്ന് അവസാന ദിവസത്തെ ഫോട്ടോ സെഷന്‍ ഇന്നുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.