കോട്ടയം: സാമ്പത്തിക സംവരണ വിഷയത്തെ ചൊല്ലി മുസ്ലിം ലീഗിനെതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ. ലീഗിന്റെ നിലപാട് ആദര്‍ശത്തിന്റെ പേരിലല്ലെന്നും വര്‍ഗിയത മറനീക്കി പുറത്തുവരുന്നതാണെന്നുമാണ് സീറോ മലബാര്‍ സഭയുടെ വിമര്‍ശനം. ‘സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത’ എന്ന തലക്കെട്ടില്‍ ദീപികയില്‍ ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം എഴുതിയ ലേഖനത്തിലാണ് ലീഗിനെതിരെ വിമര്‍ശനം ചൊരിയുന്നത്. വിഷയത്തില്‍ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണമെന്ന് സംവരണ സമുദായ സംഘടനകള്‍ വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ഇനിയും എത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ സംവരണ വിഷയം യു.ഡി.എഫിനെ വലിയ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.

ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27 ശതമാനത്തില്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് ഖേദകരമാണെന്ന് ആര്‍ച്ച് ബിഷപ്പിന്റെ ലേഖനം പറയുന്നു. സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണെന്നും ലേഖനം ചോദിക്കുന്നു.

സംവരണ വിഷയത്തില്‍ വിവിധ ബി.ജെ.പി, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളും ലേഖനം പരിശോധിക്കുന്നുണ്ട്. സംവരണത്തിനെതിരെ മുസ്ലിം ലീഗും അനുബന്ധ കക്ഷികളും നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു. പാര്‍ലിമെന്റില്‍ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടന ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്തത് മുസ്ലിം ലീഗിന്റെ രണ്ടു എം.പിമാരും എ.ഐ.എം.ഐ എമ്മിന്റെ ഒരു എം.പിയുമാണ്. ലീഗിന്റെ നിലപാടുകളില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്കു വരുന്നു എന്നുള്ളതിന്റെ വ്യക്തമായ ഒരു തെളിവായി ഇതിനെ കരുതാവുന്നതാണെന്നും ലേഖനം നിരീക്ഷിക്കുന്നു.
അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെ സര്‍ക്കാര്‍ മുന്നാക്ക സംവരണം നടപ്പിലാക്കി വിജ്ഞാപനം ഇറക്കിയത് യു.ഡി.എഫിനെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. മുഖ്യപ്രതിപക്ഷമെന്ന നിലയില്‍ സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ മുന്നോട്ട് വരേണ്ടത് കോണ്‍ഗ്രസാണ്. സംസ്ഥാന സമവാക്യങ്ങളിലും ദേശീയ നിലപാടിലും കുടുങ്ങി നിലപാട് വ്യക്തമാക്കാനാകാത്ത സാഹചര്യത്തില്‍പ്പെട്ടിരിക്കുകയാണ്. സംവരണത്തെ അനുകൂലിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ദേശീയ നിലപാട്.
എന്നാല്‍ ഈ നിലപാടിന് പിന്തുണ നല്‍കിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ സഖ്യകക്ഷിയായ ലീഗ് നേതൃത്വത്തിന്റെ കടുത്ത അതൃപ്തിയിലേക്കും മറ്റു പ്രത്യാഘാതങ്ങളിലേക്കുമായിരിക്കും വഴിവെക്കുക. മുന്നാക്കകാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണത്തിനെതിരെ കടുത്ത വിമര്‍ശനമാണ് മുസ്ലിം ലീഗ് ഉന്നയിക്കുന്നത്. ഇതാകട്ടെ ഒരേ സമയം തീരുമാനത്തെ തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന അവസ്ഥയിലേക്കാണ് കോണ്‍ഗ്രസിനെ എത്തിക്കുന്നത്.