തൃശൂര്‍: കുട്ടനെല്ലൂരില്‍ ദന്താശുപത്രിയില്‍ വച്ച് സുഹൃത്തിന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന വനിത ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ വലിയകുളങ്ങര വീട്ടില്‍ ഡോ. സോന (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍വച്ച് സോനയ്ക്കു കുത്തേറ്റത്. സോനയുടെ സുഹൃത്തും ദന്താശുപത്രിയുടെ പാര്‍ട്‌നറുമായ മഹേഷാണ് കുത്തിയത്.

സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇയാള്‍ ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്. അതേസമയം സോനയെ കുത്തിയ ശേഷം മഹേഷ് കാറിലാണ് രക്ഷപ്പെട്ടത്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

പരുക്കേറ്റ ഉടനെതന്നെ സോനയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഞായര്‍ രാവിലെ മരിച്ചു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്ന സോന രണ്ടു വര്‍ഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്‌ലാറ്റിലായിരുന്നു താമസം. കഴിഞ്ഞ രണ്ടു വര്‍ഷമായി സോനയും പാവറട്ടി സ്വദേശിയായ മഹേഷും ചേര്‍ന്നാണ് ദന്താശുപത്രി നടത്തിവരുന്നത്.