കൊല്ലം: സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പെടുത്തുകയായിരുന്നു എന്ന് ശരണ്യ മനോജ്. ആര്‍ ബാലകൃഷ്ണ പിള്ളയുടെ മരുമകനും കേരള കോണ്‍ഗ്രസ് ബിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആണ് ശരണ്യ മനോജ്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിനൊപ്പമാണ് മനോജ് ഉള്ളത്. സോളാര്‍ കേസില്‍ സരിത എസ് നായര്‍ പറഞ്ഞതിലും എഴുതിയതിലും എല്ലാം കെബി ഗണേഷ് കുമാറിനും പിഎ പ്രദീപിനും പങ്കുണ്ട് എന്നാണ് ശരണ്യ മനോജിന്റെ ആക്ഷേപം. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു ശരണ്യ മനോജ് ഈ ആക്ഷേപങ്ങള്‍ ഉന്നയിച്ചത്.

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കെബി ഗണേഷ് കുമാര്‍ ആണെന്നാണ് ശരണ്യ മനോജ് എന്ന് വിളിക്കപ്പെടുന്ന സി മനോജ് കുമാര്‍ ആരോപിക്കുന്നത്. താന്‍ മുഖ്യപ്രതിയാകുമെന്ന് മനസ്സിലായപ്പോഴാണ് സരിതയെ കൊണ്ട് പലതും പറയിപ്പിക്കുയും എഴുതിപ്പിക്കുകയും ചെയ്തത് എന്നാണ് മനോജിന്റെ ആരോപണം. ദൈവം പോലും പൊറുക്കാത്ത തരത്തിലുള്ള കാര്യങ്ങളാണ് ഗണേഷ് കുമാറും പിഎയും കൂടി സരിതയെ കൊണ്ട് എഴുതിപ്പിക്കുകയും പറയിപ്പിക്കുകയും ചെയ്തത്. തന്നെ സഹായിക്കണം എന്നാവശ്യപ്പെട്ട ഗണേഷ് കുമാര്‍ അവരെ സമാപിക്കുകയായിരുന്നു എന്നും മനോജ് ആരോപിക്കുന്നു.

ഇതൊന്നും പുറത്ത് പറയാതിരുന്നാല്‍ തനിക്ക് ദൈവദോഷം കിട്ടും എന്ന് പറഞ്ഞുകൊണ്ടായിരുന്നു മനോജിന്റെ വെളിപ്പെടുത്തലുകള്‍. ആര്‍ ബാലകൃഷ്ണ പിള്ളയുടേയും കെബി ഗണേഷ് കുമാറിന്റേയും വിശ്വസ്തനായിരുന്നു ശരണ്യ മനോജ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കെബി ഗണേഷ് കുമാര്‍ ആണ് സോളാര്‍ കേസില്‍ പെടുത്തിയത് എന്നാണ് ഇപ്പോള്‍ ശരണ്യ മനോജ് പറഞ്ഞതിന്റെ സാരം. സരിത എസ് നായര്‍ എഴുതിയ കത്തിനെ സംബന്ധിച്ച് നേരത്തേയും ചില ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു.
സരിതയുടെ കത്തില്‍ നാല് പേജുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന ആരോപണം അഭിഭാഷകനായിരുന്നു ഫെനി ബാലകൃഷ്ണനും മുമ്പ് ഉന്നയിച്ചിരുന്നു. ശരണ്യ മനോജും പിഎ പ്രദീപും ചേര്‍ന്ന് ഗണേഷ് കുമാറിന്റെ വീട്ടില്‍ വച്ചാണ് ഉമ്മന്‍ ചാണ്ടിയുടേതുള്‍പ്പെടെയുള്ള പേരുകള്‍ എഴുതി ചേര്‍ത്തത് എന്നായിരുന്നു ഫെനി ബാലകൃഷ്ണന്‍ കോടതിയില്‍ മൊഴി നല്‍കിയത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്നു കെബി ഗണേഷ് കുമാര്‍. എന്നാല്‍ ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയതോടെ ഗണേഷിനോട് മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് യുഡിഎഫില്‍ വലിയ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കും വഴിവച്ചിരുന്നു.
സോളാറുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ വീണ്ടും സജീവമായിരിക്കുന്ന സമയമാണിത്. അതുകൊണ്ട് തന്നെ യുഡിഎഫും കോണ്‍ഗ്രസും ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍ ഏറ്റെടുക്കുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ചും, ലൈംഗിക പീഡിന കേസില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍. ഗണേഷ് കുമാറിന് ഈ വെളിപ്പെടുത്തല്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഉറപ്പാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഗണേഷിന്റെ പിഎ ഇപ്പോള്‍ അറസ്റ്റിലാണ്. അതിന് പിറകെയാണ്, ആ പിഎയെ കൂടി ഉള്‍പ്പെടുത്തി ഇത്തരം ഒരു ആരോപണവും ഉയരുന്നത്.