കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ കൗണ്‍സിലറായ കാരാട്ട് ഫൈസലാണെന്ന് കസ്റ്റംസിന്റെ കണ്ടെത്തല്‍. നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വര്‍ണം വില്‍ക്കാന്‍ സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍. ഇയാള്‍ ഇപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.

തൃശിനാപ്പള്ളി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സ്വര്‍ണം എത്തിച്ച് വില്‍ക്കുകയായിരുന്നു എന്നാണ് വിവരം. സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ചവരില്‍ കാരാട്ട് ഫൈസല്‍ ഉണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ചുളള സ്വര്‍ണക്കടത്തില്‍ വര്‍ഷങ്ങളായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റംസ് സൂചന നല്‍കി. ഈ കേസില്‍ കാരാട്ട് ഫൈസലിന് പ്രധാന പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് വളരെ നിര്‍ണായകമായ പുരോഗതിയാണ് അന്വേഷണത്തില്‍ കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേന്ദ്രമാണ് കൊടുവള്ളി. പ്രധാനമായും തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ നടത്തിയ സ്വര്‍ണക്കടത്തില്‍ എല്ലാം തന്നെ ഫൈസലിന് വലിയ നിക്ഷേപമുളളതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
30 കിലോയാണ് നിലവിലെ കേസിന് ആധാരമായി പറയുന്നതെങ്കില്‍ ഏകദേശം 400 കിലോ സ്വര്‍ണം നയതന്ത്ര ചാനല്‍ വഴി പ്രതികള്‍ ഇതിനകം കടത്തിയതായിട്ടാണ് കസ്റ്റംസ് കണ്ടെത്തിയിട്ടുളളത്. അതിലെല്ലാം ഫൈസലിന് വന്‍ നിക്ഷേപമുളളതായി കണ്ടെത്തിയിട്ടുണ്ട്.
റമീസ്, ഫൈസല്‍ ഫരീദ് തുടങ്ങിയവരെ ചോദ്യം ചെയ്തതിലൂടെയാണ് കാരാട്ട് ഫൈസലിലേക്കും അന്വേഷണം എത്തുന്നത്. സ്വപ്നയുടെ മൊഴികളിലും കാരാട്ട് ഫൈസലിനെ കുറിച്ച് പരാമര്‍ശമുളളതായിട്ടാണ് വിവരം. ഫൈസലിന്റെ വീട്ടില്‍ ഇപ്പോഴും കസ്റ്റംസ് റെയ്ഡ് തുടരുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ അന്വേഷണ സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
റെയ്ഡില്‍ കണ്ടെത്തിയ ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി എന്നാണ് വ്യക്തമാകുന്നത്. വ്യാഴാഴ്ച ഉച്ചയോടെ ഇദ്ദേഹത്തെ കൊച്ചിയിലെത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട് എന്നാണ് വിവരം. ഫൈസലിനെ ചോദ്യം ചെയ്യുന്നതോടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ പേരുകള്‍ പുറത്തു വരും എന്നാണ് കസ്റ്റംസിന്റെ പ്രതീക്ഷ.
മൂന്നുമാസം നീണ്ട അന്വഷണങ്ങള്‍ക്കു ശേഷമാണ് സംസ്ഥാനത്തെ ഭരണ കേന്ദ്രത്തില്‍ ബന്ധമുള്ള ഒരാളിലേക്കു കൂടി സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം നീളുന്നത്. നേരത്തെ കസ്റ്റംസ് പിടികൂടിയ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണ് ഇദ്ദേഹം. സിപിഎമ്മിന്റെ ജനജാഗ്രതാ യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണന്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി കാരാട്ട് ഫൈസലിന്റെ വാഹനത്തില്‍ യാത്ര ചെയ്തത് വിവാദമായിരുന്നു.