കോട്ടയം: ചിങ്ങവനം സ്വദേശിയായ സ്വര്‍ണ വ്യാപാരിയില്‍ നിന്നു പെണ്‍കെണിയിലൂടെ 2 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകളടക്കം നാല് പ്രതികളെ കര്‍ണാടകയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. അനധികൃത പണം കൊണ്ടുപോകുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ചു കവര്‍ച്ച നടത്തുന്ന സംഘത്തിലെ പ്രധാനി കണ്ണൂര്‍ സ്വദേശി നൗഷാദ് (41), ഇയാളുടെ മൂന്നാം ഭാര്യ കാസര്‍കോട് സ്വദേശി ഫസീല (34), കാസര്‍കോട് സ്വദേശി അന്‍സാര്‍ (23), തൃക്കരിപ്പൂര്‍ പടന്ന സ്വദേശി സുമ (30) എന്നിവരാണു പിടിയിലായത്. പോലീസ് സംഘം പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയ നൗഷാദ് തല മുണ്ഡനം ചെയ്ത് രൂപമാറ്റവും വരുത്തിയിരുന്നു.

എന്നാല്‍ തട്ടിപ്പിന് ഒത്താശ ചെയ്ത ജില്ലയിലെ ഗുണ്ടയെ ഇനിയും പിടികൂടാനായിട്ടില്ല. കോവിഡ് മൂലം ഹവാല പണമിടപാട് കുറഞ്ഞതോടെയാണു നൗഷാദ് പെണ്കെണിയിലേക്കു തിരിഞ്ഞതെന്നു പോലീസ് പറഞ്ഞു. ജില്ലയിലെ മറ്റൊരു സ്വര്‍ണ വ്യാപാരിയെയും രാഷ്ട്രീയ നേതാവിനെയും ഇത്തരത്തില്‍ കുടുക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നു പോലീസ് വ്യക്തമാക്കി.

ജില്ലാ പോലീസ് മേധാവി ജി ജയ്ദേവിന്റെ മേല്‍നോട്ടത്തില്‍ കോട്ടയം ഡിവൈഎസ്പി ആര് ശ്രീകുമാര്‍, കോട്ടയം ഈസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ നിര്‍മല്‍ ബോസ്, എസ്ഐ രഞ്ജിത്ത് വിശ്വനാഥന്, ഡിവൈഎസ്പി ഓഫിസിലെ അസിസ്റ്റന്റ് എസ്ഐ കെ ആര് അരുണ്‍കുമാര്‍, എസ്ഐ ഷിബുക്കുട്ടന്, സൈബര്‍സെല്ലിലെ വി എസ് മനോജ് കുമാര്‍ എന്നിവരാണു പ്രതികളെ പിടികൂടിയ പോലീസ് സംഘം.
ഇതിനിടെ കേസില്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്ത് ജില്ലയിലെ ഗുണ്ടാത്തലവന് അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിനു കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ 2 എഎസ്ഐമാരെ സ്ഥലംമാറ്റി.