ന്യൂഡൽഹി: രാജ്യത്ത് ഏതാണ്ട് 16 ലക്ഷത്തോളം പേർ ഇതിനോടകം കോവിഡ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. ഞായറാഴ്ച രാവിലെ എട്ടുമണി വരെയുള്ള കണക്കുകൾ പ്രകാരം, 15,82,201 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. 24 മണിക്കൂറിനിടെ, 3512 സെഷനുകളിലായി രണ്ടുലക്ഷത്തോളം പേർക്ക് (1,91,609) വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെ 27,920 സെഷനുകളാണ് സംഘടിപ്പിച്ചത്.

ഒരു ദശലക്ഷം വാക്സീൻ ഡോസുകൾ വിതരണം ചെയ്യാൻ ഇന്ത്യയ്ക്ക് ആറു ദിവസം മാത്രമാണ് വേണ്ടി വന്നത്. യുകെ 18 ദിവസവും, യുഎസ് 10 ദിവസവും എടുത്താണ് ഒരു ദശലക്ഷം എന്ന നേട്ടം സ്വന്തമാക്കിയത്. രാജ്യത്ത് ഇതുവരെ 10,316,786 പേരാണ് രോഗമുക്തി നേടിയത്. 96.83 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.
