മാറഞ്ചേരി: മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും, വന്നേരി ഹയർ സെക്കണ്ടറി സ്കൂളിലെയും വിദ്യാർഥികൾക്കും അധ്യാപക-അനധ്യാപകർക്കും കൂട്ടത്തോടെ കോവിഡ് ബാധിച്ചതിനെത്തുടർന്ന് നടത്തിയ രണ്ടാം ഘട്ട പരിശോധനയിൽ 180 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം ഏഴിനായിരുന്നു ഇരു സ്കൂളുകളിലുമായി 262 പേർക്ക് കോവിഡ് ബാധിച്ചത്.

തുടർന്ന് ബുധനാഴ്ച സ്കൂളുകളിലെ മറ്റു വിദ്യാർഥികൾക്കും അധ്യാപകർക്കുമായി നടത്തിയ പരിശോധനയിലാണ് 180 പേർക്ക് കൂടി രോഗ സ്ഥിരീകരണമുണ്ടായത്. മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 363 പേർക്ക് നടത്തിയ പരിശോധനയിൽ 94 വിദ്യാർഥികൾക്കും ഒരു അധ്യാപകനുമാണ് പോസിറ്റീവായത്. വന്നേരി ഹയർ സെക്കണ്ടറി സ്കൂളിലെ 289 പേർക്ക് നടത്തിയ പരിശോധനയിൽ 82 വിദ്യാർഥികൾക്കും 3 അധ്യാപകർക്കും പോസിറ്റീവായി. ഇതോടെ 442 പേർക്കാണ് ഇതുവരെ രണ്ട് സ്കൂളുകളിലുമായി കോവിഡ് ബാധിച്ചത്.

ആദ്യഘട്ടത്തിൽ എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് മാത്രമായിരുന്നു പരിശോധന നടത്തിയത്. ബുധനാഴ്ച ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കും ആദ്യഘട്ടത്തിൽ പരിശോധനയിൽ പങ്കെടുക്കാതിരുന്ന എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുമാണ് പരിശോധന നടത്തിയത്. കൂടാതെ വെളിയങ്കോട് പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ, പഞ്ചായത്ത് ജീവനക്കാർ, ബാങ്ക് ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർക്കായി നടത്തിയ സർവൈലൻസ് ടെസ്റ്റിൽ പങ്കെടുത്ത 324 പേരിൽ 42 പേർക്ക് കോവിഡ് പോസിറ്റീവായി.
ഇതോടെ മേഖലയിൽ വീണ്ടും ആശങ്കകൾ ഉയരുകയാണ്. കോവിഡ് പോസിറ്റീവായവരുമായി പ്രാഥമിക സമ്പർക്കമുള്ളവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. രോഗലക്ഷണമുള്ളവർക്കായി പരിശോധനയും നടക്കുന്നുണ്ട്