തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിലെ ആക്രിക്കടയിൽ ആധാർ കാർഡുകൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രിക്കടയിൽ ആധാർകാർഡുകളും ബാങ്ക്, ഇൻഷുറൻസ് കമ്പനി രേഖകളും വിറ്റത് തപാൽ വകുപ്പിലെ ജീവനക്കാരിയുടെ ഭർത്താവെന്ന് പോലീസ് അറിയിച്ചു. മദ്യപിച്ചെത്തിയ ഭർത്താവ് പേപ്പറുകളും സുപ്രധാന രേഖകളും വിൽക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സദാശിവന്റെ ആക്രിക്കടയിൽ കിലോക്കണക്കിന് ആക്രിക്കെട്ടുകളുടെ കൂട്ടത്തിൽ ആധാർ രേഖകളുടെ കെട്ടും കണ്ടെത്തുന്നത്. കടഉടമ പേപ്പറുകൾ തരം തിരിക്കുന്നതിനിടെയാണ് കാർഡുകൾ ഒരു സാമൂഹിക പ്രവർത്തകന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വിവരം കാട്ടാക്കട പോലീസിൽ അറിയിക്കുകയായിരുന്നു. പേപ്പറുകള്‍ തരം തിരിച്ചതില്‍ 300ല്‍ അധികം ആധാര്‍ കാര്‍ഡുകള്‍ ഉള്ളതായാണ് വിവരം. കരംകുളത്ത് ഭാഗത്ത് വിതരണം ചെയ്യാനുള്ള രേഖകളാണ് ഇതെന്ന് പോലീസ് മേൽവിലാസം നോക്കി വ്യക്തമാക്കിയിരുന്നു. ഈ ഭാഗത്തെ പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തപാൽ വകുപ്പിലെ താൽകാലിക ജീവനക്കാരിയിലേക്കെത്തുന്നത്.

പോലീസ് അന്വേഷിച്ചെത്തി ചോദ്യം ചെയ്തപ്പോൾ മദ്യപിച്ചെത്തിയ ഭർത്താവാണ് പേപ്പറുകൾ ആക്രിക്കടയിൽ കൊണ്ടുപോയി വിറ്റതെന്ന് ഇവർ പറഞ്ഞു. ജീവനക്കാരിയേയും ഭർത്താവിനേയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. തപാൽ ഉരുപ്പടികൾ നഷ്ടമായെന്ന് ആരുടെയെങ്കിലും കയ്യിൽ നിന്നും പരാതി ലഭിച്ചാൽ ഇരുവർക്കുമെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.