തിരുവനന്തപുരം : സാമൂഹിക സന്നദ്ധ സേനയുടെ അംബാസിഡറായി നടൻ ടൊവിനോ തോമസ്; ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒത്തൊരുമയോടെയും ദൃഢനിശ്ചയത്തോടെയും തങ്ങളുടെ സഹജീവികളുടെ നന്മയ്ക്കും സുരക്ഷയ്ക്കുമായി പ്രവർത്തിക്കാൻ സന്നദ്ധമായി മുന്നോട്ടു വന്ന മനുഷ്യരാണ് നാടിൻറെ കാവലായി മാറിയത്.

കോവിഡ് കാലമായിരുന്നിട്ടും ആയിരക്കണക്കിനാളുകൾ നാടിനു വേണ്ടി അണിചേരുകയും സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയും ചെയ്തെന്നും മുഖ്യമന്ത്രി. അവരെ കൂട്ടിച്ചേർക്കുവാനും, കൂടുതൽ ആളുകൾക്ക് സേവനസന്നദ്ധരായി മുന്നോട്ടു വരാനും പ്രവർത്തിക്കാനുമുള്ള ഒരു സംവിധാനം ഒരുക്കാനുമാണ് സംസ്ഥാന സർക്കാർ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചതെന്നും ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ ഇത്തരമൊരു സന്നദ്ധ സേന നാടിന് വലിയ മുതൽക്കൂട്ടായി മാറുമെന്നും മുഖ്യമന്ത്രി .

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം
പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തീർത്ത വെല്ലുവിളികൾ ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തിൽ മറികടന്ന ഒരു ജനതയാണ് നമ്മൾ. ഒത്തൊരുമയോടെയും ദൃഢനിശ്ചയത്തോടെയും തങ്ങളുടെ സഹജീവികളുടെ നന്മയ്ക്കും സുരക്ഷയ്ക്കുമായി പ്രവർത്തിക്കാൻ സന്നദ്ധമായി മുന്നോട്ടു വന്ന മനുഷ്യരാണ് ഈ ഘട്ടങ്ങളിലെല്ലാം നമ്മുടെ കാവലായി മാറിയത്. ഈ കോവിഡ് കാലത്തും ആയിരക്കണക്കിനാളുകൾ ഈ നാടിനു വേണ്ടി അണിചേരുകയും സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയും ചെയ്തു. അവരെ കൂട്ടിച്ചേർക്കുവാനും, കൂടുതൽ ആളുകൾക്ക് സേവനസന്നദ്ധരായി മുന്നോട്ടു വരാനും പ്രവർത്തിക്കാനുമുള്ള ഒരു സംവിധാനം ഒരുക്കുവാനുമായാണ് സംസ്ഥാന സർക്കാർ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്. ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ ഇത്തരമൊരു സന്നദ്ധ സേന നമുക്ക് വലിയ മുതൽക്കൂട്ടായി മാറും.
സാമൂഹിക സന്നദ്ധ സേനയിലേയ്ക്ക് ഇനിയും ഒരുപാട് യുവാക്കാൾ കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നത്. സാമൂഹ്യസേവനത്തിൻ്റെ ഈ മഹത് സന്ദേശം അവരിലേയ്ക്ക് പകരാനും, സന്നദ്ധ സേനയുടെ ഭാഗമാകാൻ അവരെ പ്രചോദിപ്പിക്കാനുമായി മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര നടന്മാരിലൊരാളായ ടൊവിനോ തോമസ് മുന്നോട്ടു വന്നിരിക്കുകയാണ്. സന്നദ്ധ സേനയുടെ ബ്രാൻ്റ് അംബാസഡർ ആകുവാനുള്ള ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തതിൽ നന്ദി പറയുന്നു. കഴിഞ്ഞ പ്രളയ കാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായി പങ്കു ചേർന്ന് സമൂഹത്തിനു മാതൃകയായി മാറിയ വ്യക്തികളിലൊരാളാണ് ടൊവിനോ തോമസ്. അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം കൂടുതൽ ആളുകളിലേയ്ക്ക് സന്നദ്ധ സേനയുടെ സന്ദേശമെത്തികാൻ സഹായകരമാകും. സാമൂഹിക സന്നദ്ധ സേനയ്ക്കും ടൊവിനോ തോമസിനും ഹൃദയപൂർവം ഭാവുകങ്ങൾ നേരുന്നു.