ന്യൂഡൽഹി: വിവാദ കാര്‍ഷികനിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകസംഘടന നേതാക്കള്‍. കര്‍ഷകനിയമങ്ങളെ പിന്തുണയ്ക്കുന്നവരും അതിനായി വാദിക്കുന്നവരുമാണ് സമിതിയിലെ അംഗങ്ങളെന്നും സമിതിയ രൂപീകരണത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വ്യക്തമാണെന്നും നേതാക്കള്‍ വ്യക്തമാക്കി.

അറിയപ്പെടുന്ന നവലിബറല്‍ സാമ്പത്തിക വിദഗ്ധനാണ് സമിതിയിലെ ഒരു അംഗമായ ഡോ.അശോക് ഗുലാത്തി. ‘കാര്‍ഷിക നിയമങ്ങള്‍ ശരിയായ ദിശയിലാകുന്നത് എന്തുകൊണ്ട്’ എന്ന ലേഖനം ‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്. കാര്‍ഷിക നിയമത്തില്‍ വെള്ളം ചേര്‍ക്കരുതെന്ന് നിലപാട് സ്വീകരിച്ചയാളാണ് മറ്റൊരു സമിതിയംഗമായ ഡോ.പി കെ ജോഷി. നിയമം കൃഷിക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും പിന്‍വലിക്കേണ്ട സാഹചര്യവുമില്ലെന്ന് പറഞ്ഞയാളാണ് അനില്‍ ഖന്‍വാദ്. നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൃഷി മന്ത്രിയെ കണ്ട ഭാരതീയ കിസാന്‍ യൂണിയന്റെ നേതാവാണ് സമിതിയിലെ മറ്റൊരു അംഗമായ ഭൂപീന്ദര്‍ സിംഗ്.

സുപ്രീംകോടതിയിലൂടെ ഈ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുകയാണ് ചെയ്തത്. ശ്രദ്ധ തിരിക്കാനുള്ള ഉപായം മാത്രമാണ് സമിതി രൂപീകരണം. നിയമങ്ങള്‍ സ്റ്റേ ചെയ്തുള്ള ഉത്തരവ് ഇടക്കാല നടപടിയെന്ന നിലയില്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ അതൊരു പരിഹാരമല്ല. ഞങ്ങള്‍ ആവശ്യപ്പെടുന്നതും ഇത്തരം പരിഹാരമല്ല. കാരണം നിയമങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പുനസ്ഥാപിക്കാനാകും. സര്‍ക്കാര്‍ നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുകയാണ് വേണ്ടത്. കര്‍ഷകരും ജനങ്ങളും നിയമങ്ങളെ എതിര്‍ക്കുകയാണെന്ന തിരിച്ചറവ് സര്‍ക്കാരിന് വേണമെന്നും പ്രക്ഷോഭം ശക്തമായി തന്നെ തുടരുമെന്നും കര്‍ഷകനേതാക്കള്‍ അറിയിച്ചു.