ന്യൂ ഡൽഹി : ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ ആറ് ഇന്ത്യൻ താരങ്ങൾക്ക് ഥാർ-എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര ഗ്രൂപ്പ്. ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച ആറ് പേർക്കാണ് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം. ഓപ്പണർ ശുഭ്മാൻ ഗിൽ, ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ, ബൗളർമാരായ സിറാജ്, ടി നടരാജ്, നവ്ദീപ് സൈനി, ഷാർദുൽ താക്കൂർ എന്നിവർക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.

ട്വിറ്ററിലൂടൊണ് ഇക്കാര്യം ആനന്ദ് അറിയിച്ചത്. അസാദ്ധ്യമായവയെ സ്വപ്‌നം കാണുകയും അവ നേടുകയും ചെയ്യണം. അസാദ്ധ്യമായത് നേടിയെടുക്കാൻ ഭാവി തലമുറയ്ക്കും ഇവർ പ്രചോദനമാണ്. മഹീന്ദ്രയുടെ ഏറ്റവും പുതിയ പതിപ്പായ എസ്‌യുവി ഇവർക്ക് സമ്മാനമായി നൽകുന്നതിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.

ഷാർദുൽ താക്കൂർ ഒഴികെയുള്ള അഞ്ച് പേരും ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യയ്ക്കായി ആദ്യമായി കളത്തിലിറങ്ങിയത്. 13 വിക്കറ്റ് സ്വന്തമാക്കിയ താരമാണ് സിറാജ്. ഷാർദുൽ താക്കൂറും സുന്ദറും നിർണായക പ്രകടനം കാഴ്ചവച്ചു. ശുഭ്മാന്റെ ബാറ്റിംഗും ടി നടരാജന്റെ ബൗളിംഗും കളിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.