പാലക്കാട്: യുവതിയെ ക്ലാസിലെത്തി തീ കൊളുത്തി കൊല്ലാൻ ശ്രമം. പാലക്കാട് ഒലവക്കോടാണ് സംഭവം. ബ്യൂട്ടീഷൻ കോഴ്‌സ് പഠിക്കുന്ന മലമ്പുഴ സ്വദേശി സരിതയ്‌ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. അതിക്രമത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ട ഭർത്താവ് ബാബുരാജ് പിന്നീട് പോലീസിന് മുന്നിൽ കീഴടങ്ങി.

സരിത പഠിക്കുന്ന ബ്യൂട്ടീഷൻ സെന്ററിലെത്തിയ ബാബുരാജ് ഭാര്യയെ കാണമെന്ന് ആവശ്യപ്പെട്ട് ക്ലാസിൽ കയറുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയ പെട്രോൾ ദേഹത്ത് ഒഴിച്ചു. തീകൊളുത്താനായി ലൈറ്റർ കത്തിച്ചതോടെ ഇയാളെ ക്ലാസിലുള്ളവർ തടയുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് കൃത്യത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു

യുവതി ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. കാര്യമായ പരിക്കുകളോ പൊള്ളലോ ഇല്ലെന്നാണ് റിപ്പോർട്ട്. ബ്യൂട്ടീഷൻ കോഴ്‌സിന് പോകുന്നത് ഭർത്താവ് ബാബുരാജിന് ഇഷ്ടമല്ലായിരുന്നു. വഴക്ക് രൂക്ഷമായതോടെ ഇരുവരും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ബാബുരാജിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.