തിരുവനന്തപുരം: ഇത്തവണ ആറ്റുകാൽ പൊങ്കാല ചടങ്ങ് മാത്രമായി നടത്താൻ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചു. ക്ഷേത്രത്തിന് സമീപം പണ്ടാര അടുപ്പിലെ പൊങ്കാല മാത്രമാകും ഉണ്ടാകുക. ഭക്തർക്ക് വീടുകളിൽ പൊങ്കാല ഇടാം. കൊറോണ വ്യാപനം കണക്കിലെടുത്താണ് പൊങ്കാല ചടങ്ങ് മാത്രമായി നടത്താൻ തീരുമാനിച്ചത്. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. ക്ഷേത്ര കോമ്പൗണ്ടിൽ മാത്രമായി പൊങ്കാലയ്ക്ക് സൗകര്യം ഒരുക്കിയാലും ഭക്തരുടെ എണ്ണം വർധിക്കാനും തിക്കും തിരക്കും ഉണ്ടാകാനും ഉള്ള സാധ്യതയുള്ളതിനാലാണ് പൊങ്കാല സമർപ്പണം പണ്ടാര അടുപ്പിൽ മാത്രമാക്കാൻ തീരുമാനിച്ചത്.
