കോഴിക്കോട്: കോവൂരിലെ പെട്രോൾ പമ്പിൽ ബൈക്കിന് തീ പിടിച്ചു. അപകടത്തിൽ ചേവായൂർ സ്വദേശി വിശാഖിന് പൊള്ളലേറ്റു. ചേവായൂർ സ്വദേശി ഹാരിസ് ഇബ്രാഹിമിന്റെ ബൈക്കിനാണ് തീ പിടിച്ചത്. ബൈക്കിൽ പെട്രോൾ അടിച്ച ശേഷം തുക വാങ്ങുന്നതിനായി കാത്തുനിൽക്കവേ പിറകിൽ വന്ന വിശാഖിന്റെ ബൈക്കിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്ന് ഹാരിസിന്റെ ബൈക്കിന് തീ പിടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. എന്നാൽ, ഹാരിസ് പൊള്ളലേൽക്കാതെ രക്ഷപെട്ടു. വിശാഖിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്‌നിശമന സേന എത്തുന്നതിന് മുമ്പ് തന്നെ പെട്രോൾ പമ്പിലെ സംവിധാനങ്ങൾ ഉപയോഗിച്ച് തീ കെടുത്തിയിരുന്നു. അതിനാൽ, വലിയ ദുരന്തം ഒഴിവായി.
