ന്യൂഡൽഹി: കൊറോണ വ്യാപനത്തിന് പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി പക്ഷിപ്പനി. ഉത്തർപ്രദേശിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗം ബാധിച്ച സംസ്ഥാനങ്ങളുടെ എണ്ണം ഏഴ് ആയി വർദ്ധിച്ചു. കേന്ദ്ര സർക്കാരാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

1200 ഓളം പക്ഷികളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം ചത്ത്ത്. മഹാരാഷ്ട്രയിലെ പൗൾട്രി ഫാമിൽ 900 എണ്ണം ചത്തു. ഉത്തർപ്രദേശിലെ കാൻപൂർ സുവോളജിക്കൽ പാർക്കിൽ വൈറസ് ബാധയുള്ളതായി സംശയമുദിച്ചതിനാൽ മുൻകരുതലെന്നോണം പാർക്ക് 15 ദിവസത്തേക്ക് അടച്ചിട്ടിരുന്നു.

ഡൽഹി, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പക്ഷികൾ കൂട്ടത്തോടെ ചത്തിരുന്നു. ഇവയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പക്ഷിപ്പനി വ്യാപനത്തെത്തുടർന്ന് ഡൽഹിയിൽ അടുത്ത 10 ദിവസത്തേക്ക് പക്ഷികളുടെ ഇറക്കുമതി നിരോധിച്ചിരിക്കുകയാണ്. ഡൽഹിയിലെ ഗാസിപൂർ പൗൾട്രി മാർക്കറ്റും അടച്ചുപൂട്ടി.
കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മൂന്ന് മാസത്തേക്ക് കർശന നിയന്ത്രണം വേണമെന്നും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗബാധയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിന് കേന്ദ്രം പ്രത്യേകമായി നിയോഗിച്ച സംഘം കേരളത്തിലെത്തി വിശകലനം നടത്തിയിരുന്നു. ആലപ്പുഴ ജില്ല കളക്ടറും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി കണ്ടെത്തിയ തകഴി, പള്ളിപ്പാട്, കരുവാറ്റ എന്നീ പ്രദേശങ്ങളും സംഘം സന്ദർശനം നടത്തി. തുടർന്നാണ് നടപടി. കേരളത്തിൽ രണ്ട് ജില്ലകളിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
നിലവിൽ ഉത്തർപ്രദേശ്, കേരളം, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.