തിരുവനന്തപുരം: ജപ്തിക്കിടെ ജീവനൊടുക്കിയ രാജന്റെയും അമ്പിളിയുടെയും മക്കളുടെ ആഗ്രഹം നിറവേറ്റി ബോബി ചെമ്മണ്ണൂർ. തർക്ക ഭൂമി നിൽക്കുന്ന സ്ഥലം ഉടമ വസന്തയിൽ നിന്നും ബോബി ചെമ്മണ്ണൂർ വിലകൊടുത്ത് വാങ്ങി. വൈകീട്ട് രാജൻ്റെയും അമ്പിളിയുടെയും മക്കളായ രാഹുലിനും രഞ്ജിത്തിനും കരാർ കൈമാറും.

വസന്തയിൽ നിന്ന് ഇന്ന് രാവിലെയാണ് ബോബി ഭൂമി വില കൊടുത്ത് വാങ്ങിയത്. രാവിലെ തന്നെ എഗ്രിമെന്റ് എഴുതുകയും ചെയ്തു. രാജന്റെ വീട് പുതുക്കി പണിയുമെന്നും അതുവരെ രാഹുലിന്റെയും രഞ്ജിത്തിന്റെയും പൂർണ സംരക്ഷണം ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു.

ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വാങ്ങിയത്. വസന്ത ആവശ്യപ്പെട്ട തുക നൽകിയാണ് ഭൂമി സ്വന്തമാക്കിയത്. രാജന്റെയും അമ്പിളിയുടെയും കുട്ടികളെ തൃശൂരിലെ ശോഭ സിറ്റിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും. വീട് പണി പൂർത്തിയാകുമ്പോൾ തിരുവനന്തപുരത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.