തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നൽകി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പ്രഖ്യാപനം അടുത്തമാസം അവസാനം ഉണ്ടാകുമെന്നും ടിക്കാറാം മീണ പറഞ്ഞു. പരീക്ഷകളുടേയും റംസാന്റെയും തീയതികൾ അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക. അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് അഞ്ച് ദിവസത്തിനകം തപാൽവോട്ടിന് അപേക്ഷിച്ചാൽ മതിയെന്നും മീണ പറഞ്ഞു.

ഭിന്ന ശേഷിക്കാർക്കും 80 വയസ് പിന്നിട്ടവർക്കും പോസ്റ്റൽ ബാലറ്റ് ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് നിർബന്ധമില്ല. പോസ്റ്റൽ ബാലറ്റ് വേണോ എന്നതിൽ അവരവർക്ക് തീരുമാനമെടുക്കാം. കൊവിഡ് അടക്കമുള്ള സാഹചര്യത്തിൽ ഒരു ബൂത്തിൽ പരമാവധി ആയിരം വോട്ടർമാരെന്ന് നിജപ്പെടുത്തും. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണവും പോളിംഗ് ഉദ്യോഗസ്ഥരുടെ എണ്ണവും കൂട്ടും. കൊവിഡ് പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു.
