തിരുവനന്തപുരം: സി.ബി.എസ്.ഇ പൊതുപരീക്ഷ എഴുതുന്ന വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ നേരത്തേ അനുവദിച്ച കേന്ദ്രം മാറ്റി പുതിയ പരീക്ഷകേന്ദ്രം അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ഉത്തരവായി. വിദ്യാർഥികൾ ആവശ്യപ്പെടുന്നതോ താമസസ്ഥലത്തിന് ഏറ്റവും അടുത്ത സ്ഥലമോ ആയിരിക്കണം പുതിയ പരീക്ഷകേന്ദ്രം. കോവിഡ് പശ്ചാത്തലത്തിൽ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തുന്ന വിദ്യാർഥികളുടെ സൗകര്യം പരിഗണിച്ചാണ് നിർദേശമെന്ന് കമീഷൻ അംഗം കെ. നസീർ പറഞ്ഞു.
പൊതുപരീക്ഷക്ക് മുമ്പ് നാട്ടിലെത്തുന്ന വിദ്യാർഥികൾക്ക് അവരുടേതല്ലാത്ത കാരണംകൊണ്ട് പരീക്ഷ എഴുതാൻ അവസരം നിഷേധിക്കാൻ പാടില്ലെന്ന് കമീഷൻ വ്യക്തമാക്കി. പുതിയ പരീക്ഷേകന്ദ്രത്തിന് അപേക്ഷ കൈപ്പറ്റിയാൽ താമസം കൂടാതെ, നടപടി സ്വീകരിക്കുകയും വിവരം അപേക്ഷകരെ അറിയിക്കുകയും വേണമെന്നും കമീഷൻ നിർദേശിച്ചു.