തിരുവനന്തപുരം: തലസ്ഥാനത്ത് നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു. കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഉൾപ്പടെയുള്ള പ്രവർത്തകരാണ് മാർച്ചിനെത്തിയത്. അഭിജിത്തിനും സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലത്തിനുമടക്കം പരിക്കേറ്റു. പെൺകുട്ടികളെയടക്കം പൊലീസ് വളഞ്ഞിട്ട് തല്ലി. പെൺകുട്ടികളടക്കം നിരവധിപ്പേർക്ക് പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേറ്റു. പത്തോളം പ്രവർത്തകർക്കും അഞ്ച് പൊലീസുകാർക്കും പരിക്കേറ്റതായാണ് വിവരം. ഇവരിൽ ചിലരെ ആശുപത്രിയിലേക്ക് മാറ്റി.

മാർച്ച് അക്രമാസക്തമായതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തേക്ക് എത്തിയതോടെ സ്ഥലം കൂടുതൽ സംഘർഷഭരിതമാകുകയായിരുന്നു. കെഎസ് യു പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ് ഇപ്പോൾ. സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാനുള്ള ശ്രമം നടക്കില്ലെന്ന് കെ എം അഭിജിത്ത് പ്രതികരിച്ചു. നെയിം പ്ലേറ്റ് മാറ്റിയ പൊലീസുകാർ പ്രവർത്തകരെ അടിച്ചൊതുക്കാനാണ് ശ്രമിച്ചതെന്നും അഭിജിത്ത് ആരോപിച്ചു.
