ന്യൂഡൽഹി: ജനുവരി എട്ട് മുതൽ ബ്രിട്ടണിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതോടെ തിരിച്ചെത്തുന്നവർക്കായി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ജനുവരി എട്ടിനും 30നും ഇടയിൽ ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യേഴ്‌സിൽ(എസ്ഒപി) പറയുന്നു.

യാത്രക്കാർ 72 മണിക്കൂർ മുൻപ് www.newdelhiairport.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പുവരുത്തണം. യാത്രാ വിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലവും കൊറോണ രോഗിയല്ലെന്ന സ്വയം സാക്ഷ്യ പത്രവും വിമാനത്താവളത്തിൽ സമർപ്പിക്കണം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും നിർദ്ദേശത്തിൽ പറയുന്നു.

എല്ലാ അന്താരാഷ്ട്ര വിമാനത്താവളത്തിലും ആർടി-പിസിആർ ടെസ്റ്റിനുള്ള സൗകര്യം ഉണ്ടായിരിക്കണം. വിമാനത്താവളങ്ങൾക്ക് സമീപം ക്വാറന്റീനുള്ള സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലെ ജീവനക്കാർ യാത്രക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. പരിശോധനയിൽ നെഗറ്റീവായി വരുന്നവരെല്ലാവരും 14ദിവസം ക്വാറന്റീനിൽ ഇരിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.
കൊറോണ വൈറസിന്റെ വകഭേദം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ബ്രിട്ടണിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കുന്നതിനായി ആരോഗ്യ പ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. എന്നാൽ നിരവധി പേർ വിമാനത്താവളത്തിൽ തെറ്റായ വിലാസമാണ് നൽകിയതെന്ന് കണ്ടെത്തിയിരുന്നു. വിമാന സർവ്വീസുകൾ കൂടി പുനരാരംഭിക്കുന്നതോടെ സമാന സംഭവങ്ങൾ ഇനിയും റിപ്പോർട്ട് ചെയ്യാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് കർശന മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കിയത്.
ജനുവരി 30വരെയാണ് എസ്ഒപിയുടെ പ്രാബല്യം. സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളും ഇവർക്കായി ഹെൽപ്പ് ഡെസ്‌ക് തുടങ്ങണമെന്നും സർക്കാർ അറിയിച്ചു. ജനുവരി 23 വരെ ആഴ്ചയിൽ 15 വിമാനങ്ങളാണ് ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് അനുവദിച്ചിട്ടുള്ളത്.